ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗിന്റെ പേരെടുത്തു പറഞ്ഞാണ് അശോക് ഗെലോട്ട് കത്തയച്ചിരിക്കുന്നത്. രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് തുടക്കമായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് അശോക് ഗെലോട്ടിന്റെ പുതിയ നീക്കം.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അസ്ഥിരപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നതെന്നുംഇതേപറ്റി പ്രധാനമന്ത്രിക്ക് അറിയാമോ എന്ന് തനിക്ക് അറിയില്ലെന്നും കത്തിൽ അശോക് ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് എം.എൽ.എമാർക്ക് പണം നൽകി സർക്കാരിനെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നും ഗെലോട്ട് കത്തിൽ പരാമർശിക്കുന്നു. ഏറെ കാലമായി ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അസ്ഥിരപെടുത്താനുളള ശ്രമങ്ങൾ നടന്നു വരുന്നു. ഇത് ഭരണഘടനാ മൂല്യങ്ങളുടെ തുറന്ന ലംഘനമാണെന്നും കർണാടകയും മദ്ധ്യപ്രദേശും ഇതിന് ഉദാഹരണങ്ങളാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മദ്ധ്യപ്രദശിലെ പോലെ തന്നെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ സച്ചിൻ പെെലറ്റ് ബി.ജെ.പിയുടെ സഹായം തേടുമെന്നും അശോക് ഗെലോട്ട് ആരോപിച്ചു.