ecommerce

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ വില്‍ക്കുന്നത് വിദേശി ഉത്പന്നങ്ങളാണെങ്കില്‍ അത് വ്യക്തമാക്കേണ്ടതുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ആമസോണ്‍, ഫ്ലിപ്പ്കാർട്ട്, സ്‌നാപ്പ്ഡീല്‍ അടക്കമുള്ള രാജ്യത്ത് ഉള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്.

ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരുടെ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലീഗല്‍ മെട്രോളജി നിയമവും ചട്ടങ്ങളും അനുസരിച്ചാണ് ഇ-കൊമേഴ്സ് സൈറ്റുകള്‍ ഉത്പാദിപ്പിച്ച രാജ്യം പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്ന് വാദം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതേസമയം, ചൈനയ്‌ക്കെതിരെയുള്ള നടപടികളുടെ ഭാഗമാണ് ഇത് എന്നും റിപ്പോര്‍ട്ടുകൾ ഉയരുന്നുണ്ട്.

നേരത്തെ ഇന്ത്യ-ചൈന സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള നടപടിയെന്ന തരത്തിലാണ് ഇതിനെ നോക്കി കാണുന്നത്.

ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അജയ് ഡിഗ്‌പോള്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.