bolivia

ലാ പാസ് : കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബൊളീവിയയിൽ വീടുകളിൽ നിന്നും തെരുവുകളിൽ നിന്നും പൊലീസ് കണ്ടെത്തിയത് 400 ലേറെ മൃതദേഹങ്ങൾ. ഇതിൽ 85 ശതമാനം പേരും കൊവിഡ് 19 ബാധിച്ച് മരിച്ചതായാണ് നിഗമനം. ഇവർ കൊവിഡ് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജൂലായ് 15നും 20നും ഇടയിൽ കൊച്ചബാംബ മെട്രോപൊളിറ്റൻ മേഖലയിൽ നിന്നുമാത്രം 191 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ലാ പാസിൽ 141 പേരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാന്റാ ക്രൂസിൽ 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

ബൊളീവിയയിൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ ഒന്നാണ് സാന്റാ ക്രൂസ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെയും പകുതിയോളം രേഖപ്പെടുത്തിയിരിക്കുന്നത് സാന്റാ ക്രൂസിലാണ്. 85 ശതമാനം പേരും കൊവിഡ് ബാധിച്ചാകാം മരിച്ചതെന്നും മറ്റുള്ളവർ മറ്റ് അസുഖങ്ങൾ ബാധിച്ചോ സംഘർഷങ്ങളിൽപ്പെട്ടോ മരിച്ചവരാകാമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊച്ചബാംബയിലും ലാ പാസിലും കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുകയാണ്.

ഏപ്രിൽ ഒന്ന് മുതൽ ജൂലായ് 19 വരെ ആശുപത്രികൾക്ക് പുറത്ത് തെരുവിലും വീടുകളിലും മറ്റുമായി കൊവിഡ് സ്ഥിരീകരിച്ചതും കൊവിഡ് ബാധിക്കപ്പെട്ടിരുന്നുവെന്ന് കരുതപ്പെടുന്നതുമായ 3,000 പേരുടെ മൃതദേഹങ്ങളാണ് രാജ്യത്ത് കണ്ടെത്തിയതെന്ന് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആൻഡ്രെസ് ഫ്ലോറെസ് പറഞ്ഞു. എന്നാൽ ഇതേവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് 2,273 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന കണക്ക്. നിലവിൽ 62,357 പേരാണ് ബൊളീവിയയിൽ കൊവിഡ് ബാധിതരായുള്ളത്.