santhosh-family-

ഹൈദരാബാദ്: ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു കൊണ്ട് തെലങ്കാന സര്‍ക്കാര്‍ ഉത്തരവ് കൈമാറി. കഴിഞ്ഞ ജൂണ്‍ 22ന് വീരമൃത്യുവരിച്ച ധീര സൈനികന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കവെയാണ് മുഖ്യമന്ത്രി ജോലി വാഗ്ദ്ധാനം ചെയ്തത്. ഇതിന് കൃത്യം ഒരു മാസം പൂര്‍ത്തിയായപ്പോഴാണ് ഉത്തരവ് സന്തോഷിക്ക് മുഖ്യമന്ത്രി കൈമാറിയത്. കുടുംബത്തിന് അഞ്ച് കോടി രൂപയും തെലങ്കാന സര്‍ക്കാര്‍ കൈമാറിയിരുന്നു. ഇതിനൊപ്പം വീടുവയ്ക്കാന്‍ നഗരത്തില്‍ സ്ഥലവും നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഓഫീസായ പ്രഗതി ഭവനില്‍ വച്ചു നടന്ന ചടങ്ങിലാണ് നിയമന ഉത്തരവ് കൈമാറിയത്. നഗരത്തിനടുത്തായുള്ള ഓഫീസില്‍ സന്തോഷിയെ നിയമിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. രാജ്യത്തിനായി ജീവന്‍ നല്‍കിയ കേണല്‍ സന്തോഷിന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ എപ്പോഴും നില്‍ക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. തങ്ങളുടെ കുടുംബത്തിന് സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ക്ക് സന്തോഷി നന്ദി പറഞ്ഞു.

കഴിഞ്ഞ മാസം ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സന്തോഷ് വീരമൃത്യു വരിച്ചത്.