ന്യൂഡൽഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മൂന്ന് നിർദേശങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുമായുള്ള ബന്ധം എപ്പോഴും നിലനിർത്തുക, ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കി നവമാദ്ധ്യമങ്ങൾ ഉപയോഗിക്കുക, സർക്കാരിന്റെ നയ സമീപനങ്ങളെപ്പറ്റി വ്യക്തമായ അവബോധമുണ്ടാക്കുക എന്നിവയായിരുന്നു മോദിയുടെ നിർദേശങ്ങൾ.
ഇക്കാര്യങ്ങൾ മനസിൽ വച്ചുകൊണ്ട് പാർലമെന്റിലും ജനങ്ങൾക്കിടയിലും കാര്യക്ഷമമായി പ്രവർത്തിക്കണം. പാർലമെന്റ് നടപടികളിൽ എം.പിമാർ കൃത്യമായി പങ്കെടുക്കുകയും പൊതുജനങ്ങൾക്കിടയിൽ പാർട്ടി നിലപാട് വിശദീകരിക്കുകയും വേണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
പൊതുപ്രവർത്തനത്തെക്കുറിച്ച് പുതിയ എംപിമാർക്കുള്ള കാഴ്ചപ്പാടും അവരുടെ അതിയായ താത്പര്യവും ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. പുതിയ ബി.ജെ.പി എം.പിമാരെല്ലാം ആ സ്ഥാനത്തിന് അർഹരാണ്. പാർലമെന്റിന്റെ പ്രവർത്തനത്തിന് അവരെല്ലാം വിലപ്പെട്ട സംഭാവനകൾ നൽകുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യസഭയിലെ 24 സീറ്റുകളിലേക്ക് ജൂണ്‍ 19-ന് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിരുന്നു.