tamilnadu-covid

ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് മരണങ്ങളിൽ കണക്കിൽപ്പെടുത്താൻ വിട്ടുപോയ 444 മരണം കൂടി ഔദ്യോഗിക രേഖയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാ‌ർ. ഇതോടെ തമിഴ്നാട്ടിലെ കൊവിഡ് മരണസംഖ്യ കുത്തനെ ഉയർന്നു. 74 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതോടൊപ്പം നേരത്തെ കണക്കിൽ ഉൾപ്പെടുത്താത്ത 444 മരണങ്ങൾ കൂടി സർക്കാർ ഇന്ന് കോവിഡ് കണക്കിൽ ചേർക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ആകെ മരണങ്ങൾ 3144 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സംശയിക്കുന്ന എല്ലാ മരണങ്ങളും പരിശോധിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ഒമ്പതംഗ സമിതിക്ക് രൂപം നൽകിയിരുന്നു. ഐ.സി.എം.ആർ മാർഗനിർദേശങ്ങളനുസരിച്ച് 444 മരണങ്ങൾ കോവിഡ് മരണങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു.

സംസ്ഥാനത്തെ സ്വകാര്യാശുപത്രികൾ റിപ്പോർട്ട് ചെയ്യുന്നതിൽ വരുത്തിയ പിഴവാണ് ചെന്നൈയിൽ 444 മരണം കണക്കിൽപ്പെടാതെ പോകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് നിയമിച്ച പ്രത്യേക സമിതിയുടെ കണ്ടെത്തൽ. തമി‌ഴ്‌നാട്ടിൽ 5849 പേർക്കുകൂടിയാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 186492 ആയി.