toys

ന്യൂഡല്‍ഹി : കുട്ടികള്‍ക്ക് ഇത് കളിപ്പാട്ടമാണെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് ഇത് കുട്ടിക്കളിയല്ല. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങളാണ് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ലഡാക്കില്‍ കഴിഞ്ഞമാസം ഉണ്ടായ സംഘര്‍ഷങ്ങളുടെ പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആഹ്വാനമുണ്ടായിരുന്നു. ഇത് ഏറ്റെടുക്കുകയാണ് രാജ്യത്തെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍. ചൈനയെ ഒരു പാഠം പഠിപ്പിക്കുവാനും സ്വദേശിവത്കരണം പച്ചപിടിപ്പിക്കുന്നതിനുമായി നൂറ് ഏക്കറില്‍ കളിപ്പാട്ട നഗരം നിര്‍മ്മിക്കുവാനുള്ള പദ്ധതിയുമായി അതിവേഗം നടപടികളിലേക്ക് കടക്കുകയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഈ ശ്രമത്തിന് പിന്നില്‍. ഗ്രേറ്റര്‍ നോയിഡയിലാണ് ടോയ് സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ചൈനയ്ക്ക് സാമ്പത്തികമായി പ്രഹരമേല്‍പ്പിക്കുന്നതിനൊപ്പം ആയിരക്കണക്കിന് പേര്‍ക്ക് ജോലിയും ഇതിലൂടെ ലഭിക്കുമെന്ന് കണക്കാക്കുന്നു.

പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം എഴുപതോളം അപേക്ഷകളാണെത്തിയത്. കളിപ്പാട്ട നിര്‍മ്മാതാക്കള്‍ സംസ്ഥാനത്ത് വരുന്നുണ്ടെന്ന് യമുന അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരുണ്‍വീര്‍ സിംഗ്
സ്ഥിരീകരിക്കുന്നു. അപേക്ഷയുമായി എത്തുന്നവര്‍ക്ക് രണ്ട് ദിവസത്തിനകം അനുമതി നല്‍കുന്ന ഏകജാലക പദ്ധതിയാണ് ഇവിടെയുള്ളത്. രാജ്യത്തെ വിവിധ ഇടങ്ങളിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഇവിടത്തേക്ക് ചേക്കേറുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ കളിപ്പാട്ട നഗരത്തിന് ലോക കളിപ്പാട്ട വിപണിയില്‍ തന്നെ അടയാളമാകാനാവുമെന്ന് ഉറപ്പാണ്. നേരിട്ട് രാജ്യത്തെ അമ്പതിനായിരം പേര്‍ക്കും പരോക്ഷമായി നാല് ലക്ഷത്തോളം പേര്‍ക്കും ഇതോടെ സാമ്പത്തികമായി പ്രയോജനമുണ്ടാവും.