തലസ്ഥാനത്തെ സ്വര്‍ണകള്ളക്കടത്തിന്റെ അന്വേഷണത്തില്‍ ഐ ടി വകുപ്പിലെ താത്കാലിക ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷ് പിടിയിലായതോടെ കേരളത്തില്‍ നിലനില്‍ക്കുന്ന കണ്‍സള്‍ട്ടന്‍സി സബ്രദായത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം. ഇഷ്ടക്കാരെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് പിന്‍വാതില്‍ വഴി തിരികി കയറ്റാന്‍ കണ്‍സള്‍ട്ടന്‍സികളെ മറയാക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. ഇതോടൊപ്പം സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളെ കുറിച്ച് പഠനം നടത്തുവാനായി മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗ്യതയില്ലാത്ത കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നതിനെ കുറിച്ചും ആക്ഷേപമുയരുന്നുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ നടപടികളെ കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയാണ് പ്രതിപക്ഷ എം എല്‍ എയായ വി ടി ബല്‍റാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള നെതര്‍ലന്‍ഡ്‌സ് യാത്രയില്‍ സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നതിന്റെ പേരില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗ്യതയില്ലാത്ത രണ്ട് വിദേശ കമ്പനികള്‍ക്ക് റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ നീക്കം നടക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. ഏതാണ്ട് 40 കോടിയുടേതാണ് ഈ കരാര്‍. ജലവിഭവ വകുപ്പ് ശക്തമായി എതിര്‍ത്തിട്ടും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഫയലില്‍ രണ്ട് കമ്പനികളുടെ വക്കാലത്ത് പരസ്യമായി ഏറ്റെടുത്തിരിക്കുന്നത്. ഇത് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയും ചെയ്തു. ഈ കമ്പനികളെ ഒഴിവാക്കിയാല്‍ അത് ആ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് വരെ ഫയലില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്! നെതര്‍ലന്‍ഡ്‌സ് യാത്രയില്‍ അന്ന് അഡീ.ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്തയും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സര്‍ക്കാരിന് യാതൊരു പരിചയവുമില്ലാത്ത തീര്‍ത്തും പുതിയ ഒരു മേഖലയിലെ പ്രവര്‍ത്തനത്തിന് വേണ്ടിയാണെങ്കില്‍ ഒരു നിശ്ചിത കാലത്തേക്ക് പുറത്തു നിന്ന് വിദഗ്ദ്ധ കണ്‍സള്‍ട്ടന്‍സികളെ ഏര്‍പ്പാട് ചെയ്യുന്നതിന്റെ ആവശ്യകത മനസ്സിലാക്കാം. എന്നാല്‍, സര്‍ക്കാരില്‍ എന്ത് പുതിയ കാര്യം ചെയ്യണമെങ്കിലും അതിന് പുറത്തു നിന്നുള്ള കണ്‍സള്‍ട്ടന്‍സികള്‍ വേണം, അത് ബഹുരാഷ്ട്ര ഭീമന്മാര്‍ തന്നെയാവണം എന്ന അവസ്ഥ യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ സമ്പൂര്‍ണ്ണ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ഭരണ രംഗത്തെ ആധുനീകരിക്കാനും അതിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് നിയമിക്കപ്പെട്ട ഈ കമ്മീഷന്‍ എണ്ണ, കുഴമ്പ്, തേച്ചുകുളി, കാറ്, ബംഗ്ലാവ്, കാബിനറ്റ് റാങ്ക് മോഡിലാണ് അതിന്റെ തുടക്കം മുതല്‍ ഇന്നേവരെയുള്ള പ്രവര്‍ത്തനം. തട്ടിക്കൂട്ടി സമര്‍പ്പിച്ച മൂന്ന് ഇടക്കാല റിപ്പോര്‍ട്ടുകളാവട്ടെ സര്‍ക്കാര്‍ നേരിട്ട് ചവറ്റുകുട്ടയിലേക്കെറിയുകയും ചെയ്തു.
കണ്‍സള്‍ട്ടന്‍സികള്‍ ആറ് മാസത്തേക്കോ മറ്റോ നിയമിക്കപ്പെട്ട്, പിന്നീട് നിരവധി തവണ കാലാവധി നീട്ടിക്കൊടുത്ത്, കോടിക്കണക്കിന് രൂപ കണ്‍സള്‍ട്ടന്‍സി ഫീസും അടിച്ചുമാറ്റി, അതില്‍ നിന്ന് കൊടുക്കേണ്ടവര്‍ക്കൊക്കെ വിഹിതം കൊടുത്ത്, അവസാനം എന്തെങ്കിലുമൊക്കെ റിപ്പോര്‍ട്ടും പടച്ചുണ്ടാക്കി സമര്‍പ്പിച്ച് പൊടിയും തട്ടിപ്പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അവരുടെ പ്രവര്‍ത്തനത്തിനു വേണ്ട മഹാഭൂരിപക്ഷം ജോലിക്കാരെയും പിന്‍വാതിലിലൂടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലൂടെ, നമ്മുടെ ഇന്‍ഹൗസ് കപ്പാസിറ്റിയായ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്തുന്ന കാര്യത്തിലും കാര്യമായ സംഭാവനയൊന്നും ഈ കണ്‍സള്‍ട്ടന്‍സികള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റില്‍ 'ബാക്ക് ഡോര്‍ ഓഫീസ്' തുറക്കാന്‍ ശുപാര്‍ശ ചെയ്തുള്ള ഗതാഗത സെക്രട്ടറിയുടെ ഫയല്‍ക്കുറിപ്പ് സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.
ഏതെങ്കിലുമൊരാവശ്യത്തിന് കണ്‍സള്‍ട്ടന്‍സികള്‍ നിയമിക്കപ്പെടുകയാണെങ്കില്‍ത്തന്നെ, പ്രസ്തുത പ്രോജക്റ്റിന്റെ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ ഭരണ സംവിധാനത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഗുണപരമായ മാറ്റങ്ങളേക്കുറിച്ചും അവരെ നിയമിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്‍കൂട്ടിത്തന്നെ ഒരു ധാരണയുണ്ടാവണം. അത് നടപ്പിലാവുന്നുണ്ടോ എന്നുറപ്പ് വരുത്താനുള്ള തുടര്‍ സംവിധാനങ്ങളുമുണ്ടാവണം.
എന്നാല്‍ അതിന് തീര്‍ത്തും വിപരീതമായി ഭരണക്കാര്‍ക്കിടയില്‍ അവിഹിതമായ സ്വാധീനമുണ്ടാക്കാനും അതുവഴി ഭാവിയിലെ മറ്റ് കരാറുകള്‍ അടിച്ചുമാറ്റാനും ഉള്ള കുറുക്കുവഴികളാണ് പല കണ്‍സള്‍ട്ടന്‍സികളും തേടുന്നത്. നേരിട്ടുള്ള പണമിടപാട് മാത്രമല്ല ഉപഹാരങ്ങളും വിദേശയാത്രകളും മക്കളുടെ വിദേശ പഠനത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പുമൊക്കെ വഴിയാണ് ഈ സ്വാധീനം ഉറപ്പിച്ചെടുക്കുന്നത്. ഇപ്പോള്‍ ജര്‍മ്മന്‍, ഡച്ച് കമ്പനികള്‍ക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്നതും ഈ നിലയിലുള്ള ആരോപണമാണ്.
പ്രളയത്തിന് ശേഷം സൗജന്യ കണ്‍സള്‍ട്ടന്‍സി സേവന വാഗ്ദാനവുമായി ആദ്യം രംഗത്തുവന്ന കെപിഎംജി പിന്നീട് 6.82 കോടിയുടെ കരാറാണ് കരസ്ഥമാക്കിയത്. സൗജന്യത്തേക്കുറിച്ച് തുടക്കത്തില്‍ വലിയ വായില്‍ കൊട്ടിഘോഷിച്ച സര്‍ക്കാര്‍ പിന്നീട് പണം കൊടുക്കുന്ന കാര്യം ഇരുചെവിയറിയാതെ മറച്ചു പിടിക്കാനാണ് ശ്രമിച്ചത്. കമ്പനികളെ സെലക്റ്റ് ചെയ്യാനുള്ള മാനദണ്ഡങ്ങളുണ്ടാക്കാന്‍ ആദ്യം സൗജന്യ സേവനം നല്‍കുന്നു, പിന്നീട് തങ്ങള്‍ക്കനുകൂലമായി തങ്ങള്‍ തന്നെയുണ്ടാക്കിയ അതേ മാനദണ്ഡങ്ങളുടെ പേരില്‍ സ്വയം സെലക്റ്റ് ചെയ്യപ്പെടുന്നു എന്നുറപ്പ് വരുത്തുന്നു. ഇതാണ് സൗജന്യ സേവനക്കാരുടെ പതിവ് പ്രവര്‍ത്തന രീതി. ഡാറ്റാ വിശകലത്തിനുള്ള സൗജന്യ സേവന വാഗ്ദാനവുമായി സ്പ്രിങ്ക്‌ലര്‍ കടന്നു വന്നതും ഇങ്ങനെയാണ്. ഇ-മൊബിലിറ്റിയില്‍ പിഡബ്ല്യുസിയും ഹെസ്സും നടത്തിക്കൊണ്ടിരിക്കുന്നതും ഇതേ തട്ടിപ്പാണ്. മുന്‍പ് എന്‍എന്‍സി ലാവലിന്‍ കടന്നുവന്നതും ഇങ്ങനെ കണ്‍സള്‍ട്ടന്റുമാരായാണ് എന്നും സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്.
കണ്‍സള്‍ട്ടന്‍സികളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള പിണറായി വിജയന്റേയും കൂട്ടരുടേയും ഈ കടുംവെട്ടുകളേക്കുറിച്ച് സമഗ്രമായ ഒരു സിബിഐ അന്വേഷണം അനിവാര്യമാണ്.