കൊവിഡ് കുതിച്ചുയരുമ്പോൾ വൈറസ് വ്യാപനം തടയാൻ ജനങ്ങൾ വീടുകളിൽ തന്നെയിരുന്നു കൊണ്ട് പരമാവധി രോഗികളുടെ എണ്ണം കുറയ്ക്കാനുളള ശ്രമത്തിലാണ്. എന്നാല്‍ ഇതുകൊണ്ട് രോഗവ്യാപനം പരിപൂര്‍ണ്ണമായി തടയാനാകുമോ? ഇതില്‍ നിന്ന് വ്യത്യസ്തമായ ചില വിവരങ്ങളാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം തടയുന്നതിനായി മിക്കവരും വീടിന് പുറത്തേക്ക് പോകാതെ വീട്ടിനുളളിൽ തന്നെ കഴിയുകയാണ്. എന്നാല്‍ വീട്ടിനകത്ത് തന്നെ തുടരുമ്പോഴും ആളുകള്‍ പൂർണമായും സുരക്ഷിതരാണെന്ന് പറയാനാകില്ലെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരുകൂട്ടം വിദഗ്ദ്ധരാണ് പഠനത്തിന് പിന്നില്‍. അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. രോഗം പകരാതിരിക്കാൻ മിക്ക ആളുകളും വീട്ടില്‍ തന്നെയിരിക്കുന്നു. എന്നാല്‍ രണ്ടിലധികം പേരുള്ള വീടുകളില്‍ ആര്‍ക്കെങ്കിലും ഒരാൾക്ക് പുറത്തുനിന്ന് രോഗം ബാധിച്ചാൽ വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ക്ക് മുഴുവനായും രോഗം ബാധിക്കുമെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ രോഗവ്യാപനമുണ്ടായാൽ അതിൽ നിന്നും രക്ഷനേടുന്നവർ ചുരുക്കമാണെന്നും ഈ പഠനം വ്യക്തമാക്കി.
ഒന്നിച്ച് ഒരു കുടുംബത്തിന് ആകെയും രോഗം പിടിപെടുന്ന സാഹചര്യമാണ് വീട്ടിനകത്തുളളത്. ഇതോടൊപ്പം തന്നെ വീട്ടിനകത്ത് വച്ച് രോഗം പകര്‍ന്നുകിട്ടുന്നവരുടെ പ്രായവും പ്രധാന ഘടകമാണെന്ന് പഠനം പറയുന്നു. കൗമാരക്കാര്‍ക്കും പ്രായം ചെന്നവർക്കുമാണ് വീട്ടിലെ അംഗങ്ങളില്‍ നിന്ന് അധികവും കൊവിഡ് രോഗം പകര്‍ന്നുകിട്ടുന്നത്. കുടുംബത്തിനകത്ത് മറ്റുളളവരെ ആശ്രയിച്ച് നില്‍ക്കുന്ന രണ്ട് വിഭാഗം ഇവരാണെന്നതിനാല്‍ ആകാം ഇത് എന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വാദിക്കുന്നു.ചെറിയ കുട്ടികളിൽ അധികവും കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പഠനം നടത്തണമെന്നും ഇവർ പറയുന്നു.