pm-narendra-modi

ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു എസ് കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അടക്കമുള്ള മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്ന രണ്ട് രാജ്യങ്ങളും എറ്റവും അടുത്ത ബന്ധം പുലർത്തേണ്ടതും പരസ്പരം സഹായിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപം സുഗമമാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച വളർച്ചയും ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ക്ഷണം. വ്യാപാരത്തിന് നിങ്ങൾക്ക് വിശ്വസിക്കാവുന്ന രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ന് ലോകത്തിനാകെ ഇന്ത്യയ്ക്ക് മേൽ ശുഭാപ്തി വിശ്വാസമുണ്ട്. കാരണം, ഇന്ത്യ സുതാര്യതയും അവസരങ്ങളും താൽപര്യങ്ങളും സമന്വയിപ്പിക്കുന്നു. പ്രധാന ബിസിനസ് റേറ്റിങ്ങുകളിലെല്ലാം ഇന്ത്യ ഉയരുന്നതിൽ ഈ ശുഭാപ്തിവിശ്വാസമാണ് പ്രകടമാകുന്നത്. പ്രത്യേകിച്ച് ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റേറ്റിംഗ് പോലുള്ളവയിൽ’– മോദി പറഞ്ഞു.

ഇന്ത്യയും യു എസും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമാണെന്നും മോദി പറഞ്ഞു.‘പരസ്പരം പങ്കുവയ്ക്കുന്ന മൂല്യങ്ങളുള്ള രണ്ടു ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും യു എസും. ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിൽ നിക്ഷേപം നടത്തുന്നതിനും ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ എഫ് ഡി ഐ പരിധി 49 ശതമാനമായി ഇന്ത്യ ഉയർത്തിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.