covid

എറണാകുളം: ആലുവയിൽ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. നിയന്ത്രണം അനിവാര്യമായതിനാലാണ് കർഫ്യു എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. സമ്പര്‍ക്കം വഴിയാണ് കൂടുതൽപേ‌ർക്കും രോഗം. ജില്ലയിൽ കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളും പ്രഖ്യാപിച്ചു.

എറണാകുളത്തെ ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ വന്നു. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപെടുത്തിയിരിക്കുന്നത്. മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്നാണ് വിലയിരുത്തൽ.

കൊവിഡ് തീവ്ര വ്യാപന ആശങ്ക ശക്തമായതോടെയാണ് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ആലുവ നഗരസഭ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ.