-ladakh

ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സംഘർ‌ഷ മേഖലകളിൽ നിന്ന് ചെെനീസ് സെെന്യം പൂ‌ർണമായും പിൻവാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ. 40,000ത്തോളം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ തുടരുകയാണെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നാല് റൗണ്ട് സൈനിക കമാന്‍ഡര്‍തല ചര്‍ച്ചകളിലെ ധാരണകളുടെ അടിസ്ഥാനത്തില്‍ ഗാല്‍വാന്‍ അടക്കമുള്ള വിവിധ സംഘര്‍ഷമേഖലകളില്‍ നിന്ന് ഇരു സൈന്യങ്ങളും രണ്ട് കിലോമീറ്ററോളം പിന്മാറിയിരുന്നു.

എന്നാല്‍ ഇരു സൈന്യങ്ങളും പിന്മാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്ന ഗോഗ്രയിലും മറ്റും ചൈനീസ് സൈന്യം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഡെപ്‌സംഗ് സമതല മേഖലയിലും പാങ്‌ഗോംഗ് സോ തടാകമേഖലയിലും ഫിംഗേഴ്‌സ് മേഖലയിലും ചൈന ഇപ്പോളും നിലയുറപ്പിച്ചിട്ടുണ്ട്. വ്യോമവേധ മിസൈലുകള്‍ അടക്കമുള്ള എയര്‍ ഡിഫന്‍സ് സിസ്റ്റം, ദീര്‍ഘദൂര ശേഷിയുള്ള പീരങ്കികള്‍ എന്നിവയെല്ലാമായി കനത്ത ആയുധസന്നാഹങ്ങളുമായാണ് ചൈന ഇവിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ജൂലായ് 14, 15 തീയതികളിലായാണ് നാലാം റൗണ്ട് സൈനികതല ചര്‍ച്ച നടന്നത്. സൈനികതല, വിദേശകാര്യ മന്ത്രിതല, പ്രത്യേകപ്രതിനിധി ചര്‍ച്ചകളിലെല്ലാം പിന്മാറ്റത്തിന് ധാരണയായ ശേഷവും ചൈന വാക്ക് പാലിക്കുന്നില്ലെന്ന് സൈനിക, സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.