car

കൊച്ചി: സിനിമാതാരങ്ങളായ പൃഥിരാജും ദുൽഖർ സൽമാനും ആഡംബര കാറുകളിൽ മത്സരയോട്ടം നടത്തിയെന്ന രീതിയിൽ വീഡിയോ പ്രചരിക്കുന്ന സംഭവത്തെക്കുറിച്ച് മോട്ടോർ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് അന്വേഷണം തുടങ്ങിയത്. പോർഷെ, ലംബോർഗിനി മോഡലുകളാണ് വീഡിയോയിൽ കാണുന്നത്. ബൈക്കിൽ കാറുകളെ പിന്തുടരുന്ന രണ്ട് യുവാക്കളാണ് വീഡിയോ പകർത്തിയത്.

കോട്ടയം -കൊച്ചി സംസ്ഥാനപാതയിലായിരുന്നു മത്സരയോട്ടം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഈ റൂട്ടിലെ ക്യാമറകൾ പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പൃഥിരാജും ദുൽഖർ സൽമാനും റോഡ് നിയമങ്ങൾ ലംഘിച്ചെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. ക്യാമറകൾ പരിശോധിച്ച് അമിത വേഗത കണ്ടെത്തിയാൽ വാഹനത്തിന്റെ ആർ സി ഉടമകൾക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. കഴിഞ്ഞദിവസം മുതലാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. സംഭവത്തെക്കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.