ayodhya-ram-temple

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് വൻ സന്നാഹത്തോടെയാണ് നടത്താനൊരുങ്ങുന്നത്. പ്രധാനമന്ത്രിയും മറ്റ് പ്രമുഖരുമടക്കം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനിടയിൽ അയോദ്ധ്യ ക്ഷേത്രത്തിന്റെ വലിപ്പം 161 അടിയായി ഉയർത്തിയ കാര്യം അറിയിച്ചിരിക്കുകയാണ് മുഖ്യ ക്ഷേത്ര വാസ്തു ശിൽപി ചന്ദ്രകാന്ത് സോംപുരയുടെ മകൻ നിഖിൽ സോംപുര. 20 അടി ഉയരമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.

ക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്ന് ക്ഷേത്ര വാസ്തുശിൽപി പറഞ്ഞു. 1998ൽ നിർമിച്ച രാമക്ഷേത്രത്തിന്റെ രൂപകൽപ്പനയനുസരിച്ച് 141 അടി ഉയരമാണുള്ളത്. ക്ഷേത്രത്തിന്റെ മുമ്പത്തെ രൂപകൽപ്പന 1988ൽ തയ്യാറാക്കിയതാണ്. ഇപ്പോൾ മുപ്പത് വർഷത്തിലേറെയായി.

ക്ഷേത്രം സന്ദർശിക്കാൻ കഴിയുന്നതിൽ ആളുകളും ആവേശത്തിലാണ്. അതിനാൽ തന്നെ ഇതിന്റെ വലിപ്പം വർദ്ധിപ്പിക്കണമെന്ന് ഞങ്ങൾ കരുതി. പുതുക്കിയ രൂപകൽപ്പന പ്രകാരം ക്ഷേത്രത്തിന്റെ ഉയരം 141 അടിയിൽ നിന്ന് 161 ആയി ഉയർത്തി- നിഖിൽ സോംപുര പറഞ്ഞു.

ഇതുകൂടാതെ രണ്ട് മണ്ഡപങ്ങൾകൂടി രൂപകൽപനയിൽ ചേർത്തിട്ടുണ്ട്. മുമ്പത്തെ രൂപകൽപനയിലെ എല്ലാ തൂണുകളും കല്ലുകളും ഇപ്പോഴും ഉപയോഗിക്കും. രണ്ട് മണ്ഡപങ്ങൾ കൂട്ടിച്ചേർത്തിട്ടേയുള്ളൂ-അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമാണത്തിന് ഏകദേശം 3.5 വർഷമെടുക്കുമെന്നും സോംപുര വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ തറക്കല്ലിടലിന് മുന്നോടിയായി മൂന്ന് ദിവസം ആചാരങ്ങൾ നടക്കും. 40 കിലോ വെള്ളി ഇഷ്ടികകൾ ഉപയോഗിച്ചാണ് തറക്കല്ലിടുന്നത്. ആഗസ്റ്റ് മൂന്നിനാണ് ചടങ്ങുകൾ ആരംഭിക്കുക. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രണ്ട് മാസത്തോളം വെെകിയാണ് പരിപാടി നടത്തുന്നത്. അതിനാൽത്തന്നെ 50ൽ കൂടുതൽ വി ഐ പികൾ പങ്കെടുക്കില്ല. അയോദ്ധ്യയിൽ ഉടനീളം സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഭക്തർക്ക് പരിപാടി കാണാനുകുമെന്ന് ക്ഷേത്ര ചുമതലയുള്ള ശ്രീം റാം ജന്മഭൂമി തീർത്ഥക്ഷേതം വ്യക്തമാക്കി.