‘സ്വപ്നം കണ്ടതുപോലൊരു ഭാര്യയെ കിട്ടാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്നു വരില്ല, പക്ഷേ എനിക്കതുണ്ടായി’..ഭാര്യ ആനിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ ഷാജി കൈലാസിന്റെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. 'സ്വപ്നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്, അത് ചിലപ്പോൾ എല്ലാവർക്കും ലഭിച്ചെന്ന് വരില്ല, പക്ഷേ എനിക്ക് ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്താണെന്നും സങ്കടപ്പെടുത്തുന്നത് എന്താണെന്നും അവൾക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവൾ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ'-ഇങ്ങനെയാണ് ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി സിനിമാ രംഗത്തേക്ക് എത്തിയത്. വളരെപ്പെട്ടന്നുതന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. ഷാജി കൈലാസുമായുളള വിവാഹത്തോടെയാണ് അഭിനയരംഗത്തോട് വിടപറഞ്ഞത്. കിരീടമില്ലാത്ത രാജാക്കൻമാർ എന്ന ചിത്രത്തിലാണ് ആനി ഒടുവിൽ അഭിനയിച്ചത്.
അഭിനയരംഗം വിട്ടശേഷം ഹോട്ടൽ ബിസിനസ് മേധാവിയായും ടെലിവിഷൻ അവതാരകായുമൊക്കെ തിളങ്ങിനിന്നു. ഇതിനിടെ ഒരു ചാനലിൽ കുക്കറിഷോയും അവതരിപ്പിച്ചു തുടങ്ങി. ഇതിന് ഏറെ ആരാധകരുണ്ട്. ഷാജി കൈലാസ് -ആനി ദമ്പതികളുടെ മൂത്തമകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസിന്റെയും സമോസ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം വഹിക്കുന്നത് ആനിയാണ്. ഷാരോൺ, റുഷിൻ എന്നിവരാണ് മറ്റുമക്കൾ.