nizam

ലണ്ടൻ: ഹൈദരാബാദ് ഭരിച്ചിരുന്ന അവസാനത്തെ നൈസാമിന്റെ സ്വത്ത് സംബന്ധിച്ച് ലണ്ടനിലെ കോടതിയിൽ വിധി വന്ന കേസ് വീണ്ടും കോടതി നടപടികളിലേക്ക് നീങ്ങുന്നു. 1947ൽ വിഭജനകാലത്ത് നാട് ഭരിച്ച അവസാനത്തെ നൈസാം ഇംഗ്ളണ്ടിലെ യു.കെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 35 മില്യൺ പൗണ്ട് ( ഉദ്ദേശം 333 കോടി രൂപ) സമ്പത്ത് സംബന്ധിച്ച കേസിൽ ഒരു ഭാഗത്ത് നൈസാമിന്റെ അനന്തരവാശിയായി നജഫ് അലി ഖാനും ഇന്ത്യയും മറുഭാഗത്ത് പാകിസ്ഥാനുമായിരുന്നു കേസ് നടത്തിയത്.

കേസിൽ ഇന്ത്യക്ക് അനുകൂലമായി ലണ്ടനിലെ കോടതിയായ റോയൽ കോർട് ഓഫ് ജ‌സ്റ്റിസിൽ നിന്നും 2019 ഒക്‌ടോബറിൽ വിധിയും വന്നു. എന്നാൽ ഈ കേസിൽ നൈസാമിന്റെ 116 മറ്റ് അനന്തരവകാശികളാണ് സ്വത്ത് ഇന്ത്യക്കും അനന്തരവകാശികളായ മുഖറം ജാ ഇദ്ദേഹത്തിന്റെ അനുജൻ മുഫഖം ജാ എന്നിവർക്കും നൽകിയത് ശരിയായ രീതിയിലല്ലെന്നും നൈസാമിന്റെ എസ്റ്റേറ്റ് മേൽനോട്ടക്കാരൻ വിശ്വാസ ലംഘനം നടത്തി എന്നും കാട്ടി കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്. നാല് ലക്ഷം പൗണ്ടാണ് ഇത്തരത്തിൽ കൃത്യമായി വീതിക്കാത്തത്.

എന്നാൽ കേസ് പുനരാരംഭിക്കാനുള‌ള അപേക്ഷ വിധി പറഞ്ഞ ജഡ്‌ജിയായ സ്‌മിത് തള‌ളിക്കളഞ്ഞു. എന്നാൽ ഇവരുടെ വാദം തുടർന്നും വരുന്ന ദിവസങ്ങളിൽ കേൾക്കാൻ ജഡ്ജി സമ്മതം മൂളി. വിഭജന കാലത്താണ് 1,007,940 പൗണ്ടും 9 ഷില്ലിംഗും അന്നത്തെ ഹൈദരാബാദ് ഭരണാധികാരിയായ ഏഴാമത് നൈസാം തന്റെ ബ്രിട്ടണിലെ പാകിസ്ഥാൻ ഹൈകമ്മീഷണർക്ക് ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ തുകയാണ് ഇപ്പോൾ 35 മില്യൺ പൗണ്ടായത്.ഇന്ത്യ-പാക് വിഭജന സമയത്ത് ഏത് രാജ്യത്തിൽ ചേരണമെന്ന ആശയകുഴപ്പം നൈസാമിന് ഇക്കാലത്ത് ഉണ്ടായിരുന്നു. പിന്നീട് ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമായപ്പോൾ ഈ പണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നൈസാമും ഇന്ത്യയും അതല്ല തങ്ങൾക്കാണ് അവകാശപ്പെട്ടതെന്ന് പാകിസ്ഥാനും അവകാശം ഉന്നയിച്ചു. നൈസാമിന്റെ മക്കളായ രാജകുമാരന്മാരും അദ്ദേഹത്തിന്റെ എസ്റ്റേറ്റ് മേൽനോട്ടക്കാരും തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മുൻപ് 2018ൽ പറഞ്ഞുതീർത്തിരുന്നു. തുടർന്നാണ് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കേസിൽ കഴിഞ്ഞവർഷം ഇന്ത്യക്ക് അനുകൂലമായി വിധി വന്നത്.