താരങ്ങൾ പാട്ടുപാടുന്നത് കൗതുകകരമായ
കാര്യമാണ്. അവരിൽ പലരും നല്ല പാട്ടുകാർ കൂടിയാണ്.
അവർ പാടുമ്പോൾ പാട്ടുകാർക്കും അതു കേൾക്കുന്നവർക്കും
പുതിയ അനുഭവമായി മാറുന്നു.
ആർക്ക് വേണമെങ്കിലും പാടാം- ഗായികയിൽ നിന്ന് സംംഗീത സംവിധായികയിലേക്കും അഭിനേത്രിയിലേക്കും ചുവടുമാറ്റം നടത്തിയ സിതാര കൃഷ്ണകുമാർ മനസു തുറക്കുന്നു

എപ്പോഴാണ് സംഗീതം ജീവിതത്തിന്റെ ഭാഗമായി കണ്ടുതുടങ്ങിയത്?
സംഗീതത്തോട് എനിക്ക് പാഷനാണ്. അത് എന്നും ജീവിതത്തിൽ ഉണ്ടാകണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു. സംഗീതം എന്റെ തൊഴിൽ മേഖലയായി നേരത്തേ കണ്ടിരുന്നില്ല. എന്നാൽ, മ്യൂസിക്ക് ഇൻഡസ്ട്രിയുടെ ഭാഗമായി മാറിയപ്പോഴാണ് സംഗീതം ജീവിതമാർഗമാണെന്ന് തിരിച്ചറിയുന്നത്. അത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. സംഗീതത്തിന്റെ കാര്യത്തിൽ സാധകത്തിനും മറ്റും സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കൂടുതൽ അദ്ധ്വാനം വേണ്ടിവരുന്നുണ്ട്. കുടുംബത്തിനു വേണ്ടിയുള്ള സമയത്തിനിടയിൽ സംഗീതത്തിന് കൂടിയുള്ള സമയം കണ്ടെത്തണം. അപ്പോൾ സംഗീതം പ്രൊഫഷണലായി സ്വീകരിക്കുമ്പോൾ ഭാഗ്യത്തിനൊപ്പം സന്തോഷവും തോന്നുന്നു.
ഏറെ ആസ്വദിച്ചാണ് സിതാര പാടുന്നതെന്ന് തോന്നിയിട്ടുണ്ട് ?
ജോലിയുടെ ഭാരം അനുഭവപ്പെടാറില്ല. ഏറെ ആസ്വദിച്ച് ചെയ്യാൻ കഴിയുന്നുണ്ട്. പാട്ടിലും നൃത്തത്തിലും സ്പോർട്സിലും താത്പര്യമുള്ള ഒരുപാട് കുട്ടികൾ എന്റെ ഒപ്പം പഠിച്ചിട്ടുണ്ട്. അവരൊക്കെ മറ്റ് മേഖലയിൽ ഏറെ ഉത്തരവാദിത്വപ്പെട്ട ജോലികൾ ചെയ്യുന്നു. അവർക്ക് മടുപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. നമ്മുടെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും തീർത്തും താത്പര്യമില്ലാത്ത ആളുകളോടൊപ്പം ജോലി ചെയ്യേണ്ടി വരുമ്പോഴുള്ള അവസ്ഥയാണത് .എന്നാൽ എനിക്ക് ഇതു വരെ അത്തരത്തിലൊരു അനുഭവമുണ്ടായിട്ടില്ല.
പാട്ട് ഇഷ്ടപ്പെട്ട് വിളിക്കുന്നവരുണ്ടോ?
സൗഹൃദങ്ങൾ എനിക്ക് മുന്നോട്ട് പോവാൻ ഉത്തേജനം നൽകുന്നുണ്ട്. എന്നാൽ, വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേയുള്ളൂ. പലസമയത്തായി കിട്ടിയവരാണ്. എന്റെ പാട്ട് ഇഷ്ടപ്പെടുന്നവരുണ്ടെന്ന് അറിയാം. അവരിൽ ചിലർ വിളിക്കാറുണ്ട്. അതിൽ സന്തോഷിക്കുന്നു. തുടർച്ചയായി വിളിക്കുന്നവരില്ല. ഞാൻ എന്റെ ജോലി ചെയ്യുകയാണ്. വ്യക്തിപരമായി ആരുമായും ബന്ധമില്ല. സംഗീതവുമായി ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിയണമെന്നതാണ് എന്റെ ആഗ്രഹം.
താരങ്ങൾ ഗായകരാകുന്ന സാഹചര്യമാണല്ലോ.ആർക്ക് വേണമെങ്കിലും പാടാമെന്ന അവസ്ഥയാണിപ്പോൾ ?
താരങ്ങൾ പാട്ടുപാടുന്നത് കൗതുകകരമായ കാര്യമാണ്. അവരിൽ പലരും നല്ല പാട്ടുകാർ കൂടിയാണ്. അവർ പാടുമ്പോൾ പാട്ടുകാർക്കും അതു കേൾക്കുന്നവർക്കും പുതിയ അനുഭവമായി മാറുന്നു. സിനിമയെ സംബന്ധിച്ച് ഒരു നടനോ നടിയോ പാട്ടു പാടുക എന്നതിനു പിന്നിലെ കൗതുകം ഗുണകരമാണ്. കാരണം, ആ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അത് സഹായിച്ചേക്കാം. ആർക്ക് വേണമെങ്കിലും പാടാം. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പാടണമെന്നുപോലുമില്ല. സംഗീതത്തോട് ആത്മാർത്ഥമായ സ്നേഹം ഉണ്ടായാൽ മതി. ശരി, തെറ്റ് എന്നിങ്ങനെ വേർതിരിച്ചു കാണാൻ പറ്റില്ല. അതൊക്കെ ആപേക്ഷികമായ കാര്യങ്ങളാണ്. സ്വന്തം സന്തോഷവും മറ്റുള്ളവർക്ക് സന്തോഷം നൽകാൻ കഴിയുകയും ചെയ്താൽ അതു നല്ല കാര്യമാണ്. അതു സംഗീതത്തിൽ മാത്രമല്ല.
അഭിനയത്തെക്കുറിച്ച് ?
അഭിനയവും ഇഷ്ടമുള്ളസംഗതിയാണ്. രമേശ് പിഷാരടിയൊക്കെ ഒരുപാട് നിർബന്ധിച്ചാണ് ഗാനഗന്ധർവൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തത്.
പാട്ടിനെപ്പറ്റിയല്ലാതെ മറ്റ് ചിന്തകളുണ്ടോ?
ഗായികയായിരിക്കാൻ കഴിയുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. സംഗീതത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. സംഗീത സംവിധാനം ചെയ്തു. അത് എന്റെ ജോലിയുടെ ഭാഗമാണ്. എനിക്ക് അല്ലാത്ത ഒരിടം ഉണ്ടോ എന്നുപോലും അറിയുന്നില്ല. ഇരിക്കുന്ന സ്ഥലത്ത് ഞാൻ സന്തോഷവതിയാണ്. ഞാൻ പഠിക്കുന്നത് ഹിന്ദുസ്ഥാനി ക്ളാസിക്കൽ മ്യൂസിക്കാണ്. എന്നാൽ, സിനിമയിൽ എനിക്ക് കിട്ടുന്നത് പലതരം പാട്ടുകളാണ്. അതൊരു ഭാഗ്യമായാണ് കാണുന്നത്. ചിലപ്പോൾ അപൂർവ ഭാഗ്യമായിരിക്കും. പാട്ടു കേൾക്കുന്നത് ഇഷ്ടമാണ്. എന്നാൽ, പത്ത് പാട്ടുകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ എനിക്ക് ഉത്തരം ഉണ്ടാവില്ല.ഇഷ്ടപ്പെട്ട ഗായകന്റെയോ ഗായികയുടെയോ പേര് ചോദിച്ചാലും ഇതുതന്നെയാണ് അവസ്ഥ.
ഈ യാത്ര എങ്ങനെയുണ്ട്. പോരായ്മ തോന്നുന്നുണ്ടോ?
കുഴപ്പമില്ലെന്ന് തോന്നുന്നു. കുറേ വർഷങ്ങളുടെ തയ്യാറെടുപ്പിനു ശേഷം ആരംഭിച്ച യാത്രയാണിത്. ശ്രോതാക്കളുടെ ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും മദ്ധ്യത്തിലൂടെയാണ് യാത്ര. യാത്ര സുരക്ഷിതമാണെന്ന് എന്റെ പാട്ടു കേൾക്കുന്നവരാണ് പറയേണ്ടത്. യാത്രയിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളെ ഒരേ രീതിയിൽ കാണുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഒരുപാട് പോരായ്മകളുള്ള വ്യക്തിയാണ്. എല്ലാ ആളുകളെയും പോലെ അത് ഏറിയും കുറഞ്ഞുമിരിക്കും. പോരായ്മ തിരുത്താനും ആഴം കുറയ്ക്കാനും മുന്നോട്ടു പോവാനുമാണ് ശ്രമിക്കുന്നത്. ചുറ്റുപാടുകളിലേക്ക് അധികം ശ്രദ്ധിക്കാറില്ല. മുന്നോട്ടു പോവാനുള്ള മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യവുമില്ല. അത് എന്റെ തലച്ചോറിന്റെ പ്രത്യേകതയാണ്. ഞാൻ എന്ത് ചെയ്തു, എന്താണ് ചെയ്യേണ്ടതെന്നും, ഗായിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതിനെപ്പറ്റി ആലോചിക്കാറുണ്ട്. ആളുകളുടെ വിമർശനം ഏറ്റവും കൂടുതൽ നേരിടുന്ന കാലമാണിത്. സോഷ്യൽ മീഡിയ അത്രയ്ക്ക് ശക്തമാണ്. എന്നാൽ, കമന്റുകളുടെ ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്.അത് എന്നിൽ വന്ന വലിയ മാറ്റമാണ്.
സിതാരയിലെ പാട്ടുകാരിക്ക് പ്രിയം സ്റ്റേജാണോ സ്റ്റുഡിയോയാണോ ?
കോളേജുകളിൽ പാടുമ്പോൾ വിദ്യാർത്ഥികളിൽ നിന്ന് കിട്ടുന്ന ഊർജ്ജം ഒരു സംഭവമാണ്. അത് നമ്മെ വല്ലാതെ സ്വാധീനിക്കും. തേഞ്ഞിപ്പലമാണ് നാട്. ഞാൻ പാട്ട് കേട്ടതും ആദ്യമായി പാടിയതും അവിടെയാണ്. അവിടെ പാടാൻ എനിക്കിഷ്ടമാണ്. എന്നാൽ, വിദേശ രാജ്യങ്ങളിൽ പാടുമ്പോൾ സാങ്കേതികമികവിന്റെ പിന്തുണയുണ്ടാകും. അതിന്റെ സുഖം പാടുമ്പോൾ ലഭിക്കും. പത്തുപേർക്ക് മുന്നിലും, വലിയ സദസിലും പാടുമ്പോൾ രണ്ടുതരം സന്തോഷമാണ് ലഭിക്കുന്നതെങ്കിലും ഞാൻ എന്ന ആർട്ടിസ്റ്റ് സംതൃപ്തയാണ്. കൂട്ടായ്മയിലൂടെയാണ് പാട്ടുകൾ ഉണ്ടാകുന്നത്. നല്ലൊരു ടീം വർക്ക് ഏതൊരു പാട്ടിന്റെയും പിന്നിലുണ്ടാകും. അതിന്റെ ഫലം എന്തുതന്നെയായാലും കൂട്ടായ്മയിൽ എനിക്ക് വിശ്വാസമുണ്ട്. ഇത്തരം കൂട്ടായ്മയിലൂടെ നല്ല പാട്ടുകൾ ഉണ്ടാകട്ടെ.
ഇഷ്ടം തോന്നിയ ഗായകരുണ്ടോ?
അങ്ങനെ ആരുമില്ല. ഒന്നിനോടും ഇഷ്ടക്കേടില്ല. ചെറിയ ഒരു കുട്ടി പാടുമ്പോൾ പോലും അതിൽ സംഗീതമുണ്ടെങ്കിൽ ആസ്വദിക്കും. വിജയങ്ങൾ നേടുന്നവരെക്കുറിച്ചാണ് നമ്മൾ പലപ്പോഴും സംസാരിക്കുക. അല്ലാതെ എത്രയോ ആളുകളുണ്ട്. നല്ല പ്രതിഭയുള്ളവർ. എന്നാൽ, എപ്പോഴും ഞാൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരു ഗായികയുണ്ട്. ആബിദ പർവീൺ..