പതിറ്റാണ്ടുകൾക്ക് മുൻപ് കരഭൂമിയായ സ്ഥലം റവന്യൂരേഖകളിൽ വയലായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വസ്തു ഉടമകൾക്കുണ്ടാകുന്ന കഷ്‌ടതകളെക്കുറിച്ച് ജൂലായ് 10 ലെ കേരളകൗമുദി വാർത്തയാണ് ഈ കത്തിന് ആധാരം. ഈ വിഷയത്തിൽ ജൂലായ് 11 ലെ 'നിയമമുണ്ടായാൽ പോര,ഗുണവും ലഭിക്കണം' എന്ന കേരളകൗമുദി മുഖപ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്നു. എന്നെപ്പോലെ അനേകായിരം സാധാരണ മനുഷ്യരുടെ ദു:ഖത്തിന് പരിഹാരമാകാൻ ഗവൺമെന്റ് ഇടപെടലിന് ആ മുഖപ്രസംഗം കാരണമാകട്ടേയെന്ന് ആഗ്രഹിക്കുകയാണ്.
എനിക്ക് പാരമ്പര്യമായി ലഭിച്ച വീട് കാലപ്പഴക്കമുള്ളതായതിനാൽ എന്റെ സ്വർണാഭരണം വിറ്റ തുകയടക്കം ഉപയോഗിച്ച് പുതിയ വീട് പണിയുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരം മണക്കാടിന് സമീപം 2015 ൽ ഒൻപത് സെന്റ് സ്ഥലം വാങ്ങി. സ്ഥലം വളരെ ഉയർന്നതും തെങ്ങുകൾ ഉൾപ്പെടെ മരങ്ങൾ നിറഞ്ഞതും നാല് വശത്തുമുള്ള അതിർത്തിയോട് ചേർന്ന് പുതിയതും പഴയതുമായ കോൺക്രീറ്ര് വീടുകൾ ഉള്ളതുമാണ്. പുതിയ വീട് പണിയുന്നതിന്റെ മുന്നോടിയായി 2019 ൽ വസ്തുവിലുണ്ടായിരുന്ന വലിയ തെങ്ങുകൾ ഉൾപ്പെടയുള്ള മരങ്ങൾ മുറിച്ചു മാറ്റി. പ്ളാൻ തയാറാക്കുന്ന എൻജിനീയർ നിർദേശിച്ചതനുസരിച്ച് വസ്‌തുവിന്റെ ബി.ടി.ആറിന്റെ പകർപ്പ് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതിന് വില്ലേജ് ഓഫീസറെ സമീപിച്ചു. അപ്പോഴാണ് വസ്‌തു ഡേറ്റാബാങ്കിൽ നിലമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ബി.ടി.ആറിലും നിലമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അറിയാൻ കഴിഞ്ഞത്. തുടർന്ന് ഞാൻ നല്‌കിയ അപേക്ഷ പരിഗണിച്ച് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും റിപ്പോർട്ട് നല്‌കിയതിന്റെ അടിസ്ഥാനത്തിൽ ഡേറ്റാ ബാങ്ക് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സമിതി ഞാൻ വാങ്ങിയ വസ്‌തുവിനെ ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി. എന്റെ വസ്‌തു അടുത്ത കാലത്തൊന്നും നിലമോ വയലോ ആയിരുന്നില്ലെന്നും ഭാവിയിലും അതിനെ വയലോ കൃഷി ഭൂമിയോ ആക്കി മാറ്റാൻ കഴിയുന്നതല്ലെന്നും കൃഷി ഓഫീസർക്കും വില്ലേജ് ഓഫീസർക്കും ബോദ്ധ്യപ്പെട്ടിരുന്നു.
ഡേറ്റാബാങ്കിൽ നിന്നും വസ്‌തുവിനെ നീക്കിയതിനെ തുടർന്ന് ഞാൻ വീണ്ടും ആർ.ഡി.ഒ യ്‌ക്ക് നല്‌കിയ അപേക്ഷ വില്ലേജ് ഓഫീസർക്ക് അയച്ചെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ നാല് മാസമായി യാതൊരു നടപടിയുമാകാതെ കിടക്കുന്നു. ജോലിഭാരത്താൽ വീർപ്പമുട്ടുന്ന വില്ലേജ് ഓഫീസർക്ക് നല്‌കിയിരിക്കുന്ന രണ്ട് കത്തുകളിലും വേണ്ടതും വേണ്ടാത്തതുമായ നിരവധി വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നല്‌കാൻ അതിനാൽത്തന്നെ ഏറെ ബുദ്ധിമുട്ടുണ്ട്.
വാങ്ങിയ വസ്‌തുവിലെ തെങ്ങുകൾ മുറിച്ച് മാറ്റിയതിനാൽ അതിൽ നിന്നും ലഭിക്കുമായിരുന്ന ആദായവും നഷ്‌ടപ്പെട്ടു. പഴയവീട് വിറ്ര് പുതിയ വീട് നിർമ്മിക്കാൻ കഴിയാത്തതിനാൽ വാടകയ്‌ക്ക് വീടെടുത്ത് താമസിക്കേണ്ടിയും വരുന്നതിനാൽ മനോവ്യഥയിൽ അനിശ്ചിതമായി നാളുകൾ തള്ളിനീക്കുകയാണ് ഞാൻ.
നീതു സുഭാഷ്
ചാക്ക, തിരുവനന്തപുരം
ഫോൺ - 9495303328