തിരുവനന്തപുരം: കൊവിഡ് പേടിയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ നേരത്തേ തിരക്കുകൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. മലയാളികൾക്ക് നാട്ടിലേക്ക് വരുകയേ വേണ്ട. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പൊടുന്നനെ ഉണ്ടായ കുതിച്ചുകയറ്റമാണ് ഈ പിന്മാറ്റത്തിന് പ്രധാന കാരണം. ഈ സമയം ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം നന്നായി കുറയുകയും ചെയ്തു. നാട്ടിലെത്തിയാൽ കൊവിഡ് പിടികൂടുമെന്നാണ് ഭൂരിപക്ഷത്തിന്റെയും ഭയം. ഗൾഫിൽ നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ പലർക്കും രോഗം പിടികൂടുകയും ചെയ്തു.
മലയാളികളുടെ ഈ പേടിമൂലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുളള വിമാനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നിട്ടുണ്ട്. നേരത്തേ ഒരു ദിവസം അമ്പതിനും അറുപതിനും ഇടയിൽ ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് അഞ്ചോ ആറോ വിമാനങ്ങൾ മാത്രമായി. നാട്ടിലേക്ക് എത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരുന്നവർപോലും യാത്രയിൽ നിന്ന് പിന്മാറുകയാണ്.
നാട്ടിലെത്തിയാൽ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. അപ്പോൾത്തത്തെ അവധിയുടെ കുറച്ചുദിവസം പോയിക്കിട്ടും. ക്വാറന്റൈൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കഷ്ടകാലത്തിന് കൊവിഡ് പിടിപെട്ടാൽ ശേഷിക്കുന്ന ദിവസവും ആശുപത്രിയിലും ക്വാറന്റൈനിലുമായി കഴിയേണ്ടിവരും. നിശ്ചിത ദിവസത്തിനകം തിരികെയെത്തി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ഉളള ജോലിയും നഷ്ടമാകും. വെറുതേ ഈ റിസ്ക് എന്തിന് എടുത്ത് തലയിൽ വയ്ക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രവാസിമലയാളികളുടെയും ചിന്ത.
ഗൾഫ് രാജ്യങ്ങളിലെ അവസ്ഥ നേരത്തേ ഉളളതിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിട്ടുണ്ട്. കൃത്യമായ നടപടികളിലൂടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.അതിനാൽത്തന്നെ തൊഴിൽസ്ഥാപങ്ങളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകുന്നതിൽ നിന്ന് ഇതും മലയാളികളെ പിന്തിരിപ്പിക്കുന്നുണ്ട്.