കൊച്ചി: ആഭരണ പ്രേമികളെ സങ്കടപ്പെടുത്തി സ്വർണവിലയുടെ മുന്നേറ്റം തുടരുന്നു. കേരളത്തിൽ പവന് ഇന്നലെ 120 രൂപ ഉയർന്ന് വില സർവകാല റെക്കാഡായ 37,400 രൂപയിലെത്തി. 15 രൂപ വർദ്ധിച്ച് 4,675 രൂപയാണ് ഗ്രാം വില. ഒരാഴ്ചയ്ക്കിടെ മാത്രം പവന് കൂടിയത് 880 രൂപയാണ്; ഗ്രാമിന് 110 രൂപയും.
അനുദിനം വർദ്ധിക്കുന്ന കൊവിഡ് കേസുകളും അമേരിക്ക-ചൈന, ബ്രിട്ടൻ-ചൈന, ഇന്ത്യ-ചൈന രാഷ്‌ട്രീയ-വ്യാപാര തർക്കങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ തിരിച്ചടിയാകുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. ആഗോളതലത്തിൽ ഓഹരി-കടപ്പത്ര വിപണികളുടെ ഭാവി ശോഭനമല്ലാത്തതിനാൽ നിക്ഷേപകർ അവയിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്ക് ഒഴുക്കുകയാണ്.
ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് (ഇ.ടി.എഫ്) ഫണ്ടുകളെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ കാണുന്നു. ലോകത്തെ ഏറ്റവും വലിയ ഗോൾഡ് ഇ.ടി.എഫ് ആയ എസ്.പി.ഡി.ആർ ഗോൾഡ് ട്രസ്‌റ്രിലെ നിക്ഷേപം 1,225.01 ടൺ ആണ്. 1,219.75 ടൺ ആയിരുന്നു ബുധനാഴ്‌ച വരെയുള്ള നിക്ഷേപം.
തീവില
പവൻ : ₹37,400 (+₹120)
ഗ്രാം : ₹4,675 (+₹15)
$1,875.57
രാജ്യാന്തര വില ഒമ്പതുവർഷത്തെ ഉയരത്തിൽ തുടരുകയാണ്. ഇന്നലെ വില ഔൺസിന് 1,875.57 ഡോളറിലെത്തി. 1,859 ഡോളറായിരുന്നു ബുധനാഴ്‌ച വില.
₹50,264
രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിൽ പത്തു ഗ്രാമിന് വില പുതിയ ഉയരമായ 50,264 രൂപയിലെത്തി.
₹8,400
ഈവർഷം ഇതുവരെ പവന് വർദ്ധിച്ചത് 8,400 രൂപ. ഗ്രാമിന് 1,050 രൂപ.
₹40,500
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിൽ നിലവിൽ 40,500 രൂപയോളം നൽകണം. മൂന്നു ശതമാനം ജി.എസ്.ടി, 0.25 ശതമാനം സെസ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേർത്താണിത്.
₹61,140
വെള്ളി വിലയും റെക്കാഡ് കുതിപ്പിലാണ്. ഇന്നലെ എം.സി.എക്‌സിൽ വില ആദ്യമായി കിലോയ്ക്ക് 61,140 രൂപവരെ എത്തി.
വില എങ്ങോട്ട്?
ആഗോളതലത്തിൽ സ്വർണവില കുതിപ്പ് തുടർന്നേക്കും. രാജ്യാന്തര വില വൈകാതെ 1,900 ഡോളർ മറികടക്കാനാണ് സാദ്ധ്യത. കേരളത്തിൽ പവന് വില 40,000 രൂപയും കടക്കും. 2011 ആഗസ്‌റ്ര് 22ന് കുറിച്ച 1,917.90 ഡോളറാണ് റെക്കാഡ് രാജ്യാന്തര വില.
ചരിത്രത്തിലെ വില
(പവൻ വില മുൻ വർഷങ്ങളിൽ)
1925 : ₹13.75
1950 : ₹75.75
1980 : ₹975
1990 : ₹2,493
2000 : ₹3,212
2010 : ₹12,280
2015 : ₹19,760
2018 : ₹22,600
2020 : ₹37,400
പണയം വയ്ക്കാൻ തിരക്ക്
ബാങ്കുകളിലും പ്രമുഖ ഗോൾഡ് ലോൺ സ്ഥാപനങ്ങളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്ര് ഫിനാൻസ് തുടങ്ങിയവയിലും സ്വർണപ്പണയ വായ്പകൾക്ക് തിരക്കേറുകയാണ്. വില ഉയർന്നു നിൽക്കുന്നതിനാൽ വായ്‌പയായി കൂടുതൽ തുക കിട്ടുമെന്നതാണ് കാരണം.
കൊവിഡും ലോക്ക്ഡൗണും മൂലം കുടുംബങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും വരുമാനം താഴ്‌ന്നിട്ടുണ്ട്. ചെലവുകൾക്കും മൂലധനത്തിനും അവരും സ്വർണപ്പണയത്തെ ആശ്രയിക്കുന്നു. റിസർവ് ബാങ്കിന്റെ 'ലോൺ ടു വാല്യൂ" ചട്ടപ്രകാരം സ്വർണവിലയുടെ 75 ശതമാനം വരെ തുകയാണ് വായ്‌പയായി ലഭിക്കുക. 7.5 ശതമാനം മുതൽ 11.4 ശതമാനം വരെയാണ് സാധാരണ ഒരുവർഷ വായ്‌പയുടെ പലിശ. ഈവർഷം രാജ്യത്തെ സ്വർണപ്പണയ വായ്‌പകളിൽ 15 ശതമാനം വളർച്ചയാണ് വിലയിരുത്തപ്പെടുന്നത്.
സ്വർണപ്പണയ വായ്‌പ അടച്ചുതീർക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈടുവച്ച സ്വർണം കുറഞ്ഞ തുകയ്ക്ക് തിരിച്ചു കിട്ടും. ഇതു വീണ്ടും പണയം വച്ചാലോ വിറ്റാലോ കൂടുതൽ തുക ലഭിക്കുമെന്നതാണ് കാരണം. സ്വർണാഭരണ ശാലകളിലും പഴയ സ്വർണം വില്ക്കാനെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ട്.