തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമോ എന്ന് തിങ്കളാഴ്ച അറിയാം. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാകും സമ്പൂർണ ലോക്ക് ഡൗൺ അടക്കമുളള സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുക. അതേസമയം ധനകാര്യ ബിൽ പാസാക്കുന്നതിനുവേണ്ടി തിങ്കളാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിയമസഭ സമ്മേളിച്ച് ബിൽ പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുൻനിറുത്തി ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ തീരുമാനം.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് സർക്കാർ നിയമസഭാ സമ്മേളനം ഉപേക്ഷിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.