കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലായ എറണാകുളം വല്ലാർപാടത്തേക്ക് നേട്ടത്തിന്റെ ചൂളംവിളിയുമായി ചരക്കു ട്രെയിൻ സർവീസുകളുടെ എണ്ണമുയരുന്നു. ഈവർഷം ജനുവരി-ജൂൺ കാലയളവിൽ 29 റൗണ്ട് ട്രെയിൻ ട്രിപ്പുകളിലായി 4,240 കണ്ടെയ്‌നറുകളാണ് ഡി.പി. വേൾഡിന്റെ നിയന്ത്രണത്തിലുള്ള വല്ലാർപാടം ടെർമിനൽ കൈകാര്യം ചെയ്‌തത്. 2019ലെ സമാന കാലയളവിൽ ഇത് 9 റൗണ്ട് ട്രിപ്പുകളും 1,172 കണ്ടെയ്‌നറുകളുമായിരുന്നു.
2011ലാണ് വല്ലാർപാടം ടെർമിനലിലേക്ക് റെയിൽപ്പാത തുറന്നത്. പ്രതിമാസം ശരാശരി 100 ചരക്കു ട്രെയിനുകളായിരുന്നു ലക്ഷ്യം. എന്നാൽ, ആദ്യകാലങ്ങളിൽ മാസം പരമാവധി നാലു ട്രെയിനുകൾ വരെയാണ് കടന്നുപോയത്. വൻതുക ചെലവഴിച്ച് നിർമ്മിച്ച റെയിൽപ്പാത, കനത്ത നഷ്‌ടമായതിനാൽ റെയിൽവേയും ഏറെക്കാലം ഉപേക്ഷിച്ച മട്ടിലായിരുന്നു. എന്നാൽ, കൊച്ചി തുറമുഖ ട്രസ്‌റ്ര് ട്രാഫിക് വിഭാഗവും ഡി.പി. വേൾഡും കണ്ടെയ്‌നർ കോർപ്പറേഷൻ ഒഫ് ഇന്ത്യയും (കോൺകോർ) തമിഴ്നാട്, കർണാടക, രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തേരേന്ത്യൻ ചില ഉത്തേരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ചരക്ക് ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ച് കയറ്രുമതി ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെ ചർച്ചകൾ നടത്തി. തുടർന്നാണ്, ഈവർഷം വലിയ നേട്ടത്തിലേക്ക് പാത തുറന്നത്.
കോൺകോർ സർവീസ്
തമിഴ്നാട് (കോയമ്പത്തൂർ, സേലം, തിരുപ്പൂർ), ബംഗളൂരു, ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കണ്ടെയ്‌നർ കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് (കോൺകോർ) വല്ലാർപാടത്തേക്ക് സർവീസ് നടത്തുന്നത്.
വേമ്പനാട് പാലം
വല്ലാർപാടം ടെർമിനലിലേക്ക് 350 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റെയിൽപ്പാത തുറന്നത് 2011ലാണ്. 2007ലായിരുന്നു നിർമ്മാണ ആരംഭം. ഇടപ്പള്ളി മുതൽ ടെർമിനൽ വരെ 8.86 കിലോമീറ്ററാണ് പാതയുടെ ദൂരം. ഇതിൽ, 4.62 കിലോമീറ്ററും കൊച്ചി കായലിന് കുറുകേയാണ്. വേമ്പനാട് പാലം എന്നാണ് പേര്. അടുത്തിടെ അസമിനെയും അരുണാചലിനെയും ബന്ധിപ്പിച്ച് 4.94 കിലോമീറ്റർ നീളമുള്ള ബോഗിബീൽ പാലം തുറക്കുന്നത് വരെ ഇന്ത്യയിലെ ഏറ്രവും നീളമേറിയ റെയിൽപ്പാലമായിരുന്നു ഇത്.
കൊച്ചിക്ക് ലക്ഷ്യം
കൊളംബോയിലെ ചരക്ക്
കൊച്ചി തുറമുഖത്തിന്റെ പ്രധാന എതിരാളിയാണ് ശ്രീലങ്കയിലെ കൊളംബോ തുറമുഖം. ഇന്ത്യയിൽ നിന്നുള്ള 1.8 മില്യൺ ടണ്ണോളം ചരക്ക് കയറ്റുമതി ചെയ്യുന്നതും കൊളംബോ തുറമുഖം വഴിയാണ്. കയറ്രുമതി-ഇറക്കുമതി ഇടപാടുകാർക്ക് ആകർഷകമായ ഫീസിളവ് നൽകിയും തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും കൂടുതൽ ചരക്ക് ആകർഷിക്കാനുള്ള നീക്കമാണ് കൊച്ചി തുറമുഖ ട്രസ്‌റ്ര് നടത്തുന്നത്.
ആഴം കൂട്ടണം : വലിയ വെസലുകൾ അടുക്കണമെങ്കിൽ തുറമുഖവുമായി ചേർന്നുള്ള ബെർത്തിന്റെ ആഴം കൂടുതലായിരിക്കണം. കൊളംബോയുടെ ആഴം 18 മീറ്ററാണ്. കൊച്ചിയുടേത് 14.5 മീറ്ററും.