chenni

തിരുവനന്തപുരം:എ കെ ജി സെന്ററിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യോഗം വിളിക്കുന്നത് ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. അതിനാൽ അവർ സർക്കാർ ജീവനക്കാരാണ്. എ കെ ജി സെന്ററിൽ സർക്കാർ ജീവനക്കാരുടെ യോഗം വിളിക്കാൻ ആർക്കും അധികാരമില്ല സംസ്ഥാനത്തിന്റെ ഭരണം എ കെ ജി സെന്ററിലേക്ക് മാറ്റിയോ എന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ നെതർലണ്ട്‌സ് യാത്രയ്ക്ക് സഹായിച്ച ഒരു കമ്പനിയെ റീബിൽഡ് കേരളയുടെ കൺസൾട്ടൻസിയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്.ഇത് ഗുരുതരമായ അഴിമതിയാണ്.ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. '- അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനം മാറ്റാനുളള തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ചെന്നിത്തല തീരുമാനം രാഷ്ട്രീയപരമാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സഭാസമ്മേളനം മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. നിയമസഭ സമ്മേളിച്ച് ബിൽ പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുൻനിറുത്തി ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ തീരുമാനം.