ramos

റയൽ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസ് കുപ്പായമൂരുമ്പോൾ ആരുമൊന്ന് അന്തിച്ചുപോകും. കാരണം ആ ശരീരം മുഴുവൻ പല രൂപങ്ങളിലും ഭാവങ്ങളിലുമുള്ള പച്ചകുത്തലുകളാണ്.2010 ൽ സ്പെയ്ൻ നേടിയ ലോകകപ്പും റയലിന്റെ ചാംപ്യൻസ് ലീഗ് ട്രോഫിയും യേശുക്രിസ്തുവും ക്രിസ്തുവും മാതാവും കുരിശും ഫുട്ബോൾ മൈതാനവും സ്പെയിനിന്റെ ഭൂപടവും ചില പ്രചോദനാത്മക വാക്കുകളും ഒക്കെ പച്ചകുത്തലിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ കളിക്കളത്തിലിറങ്ങിക്കഴിയുമ്പോൾ പച്ചയല്ല ചുവപ്പാണ് റാമോസിന്റെ ഇഷ്ട നിറമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്പാനിഷ് ലീഗിൽ 20 ചുവപ്പു കാർഡുകൾ വാങ്ങിക്കൂട്ടി ചരിത്രം സൃഷ്ടിച്ച ഡിഫൻഡറാണ് റാമോസ്. എന്നാൽ ഇൗ സീസണിൽ റയൽ കിരീടം നേടുമ്പോൾ ഒറ്റ ചുവുകാർഡുപോലും അദ്ദേഹത്തിന്റെ പേരിന് നേരേയില്ല എന്ന് മാത്രമല്ല ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഡിഫൻഡർ എന്ന റെക്കാഡും സ്വന്തമാക്കിയിരിക്കുന്നു.

റാമോസിന്റെ ഇൗ പരിണാമകഥയിൽ നിന്ന് റയലിന്റെ കിരീടനേട്ടത്തെ മനസിലാക്കാൻ കഴിയും.സീസണിൽ 11 ഗോളുകളാണു റാമോസ് നേടിയത്. അതിൽ ആറും ലോക്ഡൗണിനു ശേഷമുള്ള 11 മത്സരങ്ങളിൽ നിന്ന്. പലതും കളിയുടെ വിധിതന്നെ മാറ്റിയ അന്ത്യനിമിഷങ്ങളിൽ.കോർണർ കിക്കുകളിൽ നിന്നുള്ള ഹെഡറുകളും പെനാൽറ്റികളുമാണ് റാമോസിന്റെ വേട്ടയായുധങ്ങൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയശേഷം താഴേക്ക് വീണ ക്ളബിനെ താങ്ങാനെത്തിയ സിദാന് കരുത്തായത് റാമോസാണ്.ടീമിനെ കോർത്തിണക്കാനുള്ള ചരടായി റാമോസ് മാറി. ലൂക്കാ മോഡ്രിച്ചും കരിം ബെൻസേമയും തിബോ കോർട്ടോയും അസൻഷ്യോയും വിനീഷ്യൂസ് ജൂനിയറും ഒക്കെ ഒറ്റക്കെട്ടായി റാമോസിനൊപ്പം നിന്നു.

കുറച്ചുനാൾ മുമ്പ് റയൽ ജീവിതം മടുത്ത് ചൈനീസ് ലീഗിലേക്ക് പോകാൻ നിന്ന റാമോസിന്റെ മനസ് മാറ്റിയതാണ് സിദാന്റെ വിജയങ്ങളുടെ താക്കോലായി മാറിയത്. റയലിൽത്തന്നെ കരിയർ അസാനിപ്പിക്കണമെന്നാണ് റാമോസും പറയുന്നത്. ജീവിതാവസാനം വരെ റാമോസിന് സ്വാഗതമെന്ന് റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസും പറയുന്നു.

∙ 22

റയൽ മാഡ്രിഡിനായി റാമോസ് സ്വന്തമാക്കിയ കിരീടങ്ങളുടെ എണ്ണം. മുൻ താരം പാകോ ജെന്റോയുടെ റെക്കോർഡിനെക്കാൾ ഒന്നു കുറവ്. സഹതാരം മാർസലോയും റാമോസിനൊപ്പമുണ്ട്.

5 ലാ ലിഗ

2 കിംഗ്സ് കപ്പ്

4 ചാമ്പ്യൻസ് ലീഗ്,

4 ക്ലബ് ലോകകപ്പ്,

3 യുവേഫ സൂപ്പർ കപ്പ്,

4 സ്പാനിഷ് സൂപ്പർ കപ്പ്

എന്നിവയാണ് റാമോസും മാഴ്സലോയും സ്വന്തമാക്കിയിരിക്കുന്നത്.

ഞാൻ റയലിനെ വല്ലാതെ ഇഷ്ടപ്പെടുന്നു. ക്ളബ് ആവശ്യപ്പെടുന്നിടത്തോളം ഞാനിവിടെ കളിക്കും. റയലിനായി കളിച്ച് വിരമിക്കണമെന്നാണ് എന്റെ ആഗ്രഹം.

സെർജിയോ റാമോസ്
റയൽ ക്യാപ്ടൻ