sachin

ന്യൂഡൽഹി: രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സർക്കാരുമായി പിണങ്ങി നിൽക്കുന്ന സച്ചിൻ പൈല‌റ്റ് വിഭാഗത്തിന് തൽക്കാലം ആശ്വസിക്കാം. സച്ചിൻ ഉൾപ്പടെ 19 എം എൽ എമാർക്ക് അയോഗ്യത ഏർപ്പെടുത്തിയ സ്‌പീക്കറുടെ നടപടി വെള‌ളിയാഴ്‌ച വരെ പാടില്ലെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിൽ നാളെ ഹൈക്കോടതി വിധി പറയും. ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാൻ നിയമസഭ സ്‌പീക്കറാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഇനി 27ന് കോടതി പരിഗണിക്കും.

രാജസ്ഥാൻ ഹൈക്കോടതിയിൽ കോൺഗ്രസ് വിമതർ നൽകിയ ഹർജിയിലാണ് നാളെ വിധിപറയുക. ഹൈക്കോടതി ഉത്തരവ് എന്തുതന്നെയായാലും സുപ്രീംകോടതിയുടെ വിധിക്ക് വിധേയമാകുമെന്നും സുപ്രീംകോടതിയിൽ കേസ് പരിഗണിച്ച ജസ്‌റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു. രാജസ്ഥാൻ സ്‌പീക്കർക്ക് വേണ്ടി ഹാജരായത് മുതിർന്ന കോൺഗ്രസ് നേതാവായ കപിൽ സിബലാണ്. പാർട്ടി യോഗത്തിൽ പങ്കെടുക്കാത്തത് പാർട്ടിക്കെതിരെയുള‌ള നീക്കമാകുമോ എന്ന് കോടതി കപിൽ സിബലിനോട് ചോദിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശം സ്‌റ്റേ ചെയ്യണമെന്ന് കപിൽ സിബൽ കോടതിയിൽ വാദിച്ചു. ഇതിനെ സച്ചിൻ പൈലറ്റിനു വേണ്ടി ഹാജരായ ഹരീഷ് സാൽവെ എതിർ‌ത്തു. തുടർന്ന് കപിൽ സിബലിന്റെ വാദം സുപ്രീംകോടതി തള‌ളുകയായിരുന്നു.

ഒരു ദിവസം കൂടി ക്ഷമിക്കാൻ സ്‌പീക്കർക്ക് കഴിയാത്തതെന്താണെന്നും സച്ചിന്റെ വിയോജിപ്പിന്റെ സ്വരം തടയാൻ കഴിയില്ലെന്നും ജസ്‌റ്റിസ് അരുൺ മിശ്ര അറിയിച്ചു. കേസിൽ വിശദമായ വാദമുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.