കേരളം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണോ....? ഇങ്ങനെ സംശയിക്കത്തക്ക രീതിയിലാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ. വിദേശത്തെ എംബസികളുമായും സംഘടനകളുമായും ഇടപെടാനും കേന്ദ്രസർക്കാരുമായുള്ള ഉഭയകക്ഷി വിഷയങ്ങൾ പരിഹരിക്കാനും "കേരളത്തിന്റെ വിദേശകാര്യ മന്ത്രാലയം " പോലെ ചീഫ് സെക്രട്ടറി തന്റെ ഓഫീസിൽ സ്പെഷ്യൽസെൽ രൂപീകരിച്ച് പ്രവർത്തിക്കുന്നു. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന് കണക്കിലെടുക്കാതെ, ഡിജിപി ലോക്നാഥ് ബെഹ്റ യു.എ.ഇ കോൺസുലേറ്റ് ജനറലിന് ഗൺമാൻമാരെ നിയോഗിക്കുന്നു. റംസാൻ കാലത്ത് സക്കാത്ത് നൽകാനുള്ള ഭക്ഷ്യകിറ്റ് വേണമെന്ന് യു.എ.ഇ കോൺസുലേറ്റ് ജനറലിനോട് മന്ത്രി കെ.ടി. ജലീൽ ആവശ്യപ്പെടുന്നു. ഇതിനെല്ലാം പുറമെയാണ് നെതർലാൻഡ്സ് കമ്പനിക്ക് റീബിൽഡ് കേരള കരാർ നൽകിയില്ലെങ്കിൽ ' നെതർലൻഡുമായുള്ള നയതന്ത്റബന്ധത്തെ ബാധിക്കുമെന്ന് ' ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത ഫയലിൽ എഴുതിയത്.
ഇതൊക്കെ കാണുമ്പോൾ കേരളം ഒരു റിപ്പബ്ലിക്കാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റംപറയാനാവില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശരാജ്യവുമായോ കമ്പനികളുമായോ കരാറോ ബന്ധമോ പറ്റില്ലെന്നാണ് ചട്ടമെന്നിരിക്കെയാണ് ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ച് ഉന്നതഉദ്യോഗസ്ഥരുടെ ഇടപെടലുകൾ. പ്രളയത്തിനു ശേഷം കേരള പുനർനിർമ്മാണത്തിന് സഹായംതേടി രണ്ടാഴ്ചയോളം നീണ്ട മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനത്തിൽ സഹായിച്ച കമ്പനിയെ കുട്ടനാട്ടിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന 'റൂം ഫോർ റിവർ' പദ്ധതിയുടെ ടെൻഡർ പട്ടികയിൽ പെടുത്തണമെന്ന് ഫയലിൽ പച്ചയ്ക്ക് എഴുതി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുകയും ചെയ്തു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുൻ എം.പി എ.സമ്പത്തിനെ ഡൽഹിയിൽ നിയോഗിച്ചതു പോലെ, ഭാവിയിൽ ഇന്ത്യയുടെ സ്ഥാനപതിയെ തിരുവനന്തപുരത്ത് നിയമിക്കേണ്ടി വരുമെന്ന തമാശയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ വൈറലായത്.
സ്വന്തമായി
വിദേശകാര്യ മന്ത്രാലയം
വിദേശത്തെ എംബസികളുമായും സംഘടനകളുമായും ഇടപെടാനും കേന്ദ്രസർക്കാരുമായുള്ള ഉഭയകക്ഷി വിഷയങ്ങൾ പരിഹരിക്കാനും "കേരളത്തിന്റെ വിദേശകാര്യ മന്ത്രാലയം " പോലെയാണ് ചീഫ്സെക്രട്ടറി സ്വന്തമായൊരു സ്പെഷ്യൽ സെൽ രൂപീകരിച്ചത്. കിൻഫ്രയ്ക്ക് താത്കാലിക ജീവനക്കാരെ ലഭ്യമാക്കുന്ന മാൻപവർ കൺസൾട്ടൻസി ഏർപ്പാടാക്കിയവരാണ് സർക്കാരിന്റെ വിദേശബന്ധങ്ങൾ നിയന്ത്രിക്കുന്ന സ്പെഷ്യൽസെല്ലിൽ ഇപ്പോഴും തുടരുന്നത്. വിദേശനിക്ഷേപം ആകർഷിക്കൽ, വിദേശത്തെ കമ്പനികളുമായി ചേർന്നുള്ള പദ്ധതികളുടെ ഏകോപനം എന്നിവയൊക്കെയാണ് സെല്ലിന്റെ ദൗത്യമെന്ന് പുറത്തു പറയുന്നുണ്ടെങ്കിലും ഉത്തരവിൽ ഇതൊന്നുമില്ല. വിദേശത്തെ ഇടപെടൽ ഫലപ്രദമായി നടത്തുന്ന നോർക്ക വകുപ്പുള്ളപ്പോഴാണ് കരാറുകാർക്ക് ഒന്നേകാൽലക്ഷം വരെ ശമ്പളം നൽകി സ്പെഷ്യൽ സെല്ലുണ്ടാക്കിയത്. സെല്ലിന്റെ ഇടപെടലിലൂടെ എത്രത്തോളം വിദേശ നിക്ഷേപമെത്തിയെന്ന് ഇനിവേണം അറിയാൻ.
സ്പെഷ്യൽസെൽ ടീം ലീഡർ, ഡെപ്യൂട്ടി ടീം ലീഡർ തസ്തികയിലേക്ക് യോഗ്യത നിശ്ചയിച്ചതും ആളെ തിരഞ്ഞെടുത്തതും ശമ്പളം തീരുമാനിച്ചതും ചീഫ് സെക്രട്ടറിയായിരുന്ന ടോംജോസാണ്. ഇവർക്ക് പദവിയും സർക്കാർ മുദ്രയും ശമ്പളത്തിൽ അഞ്ച് ശതമാനം വാർഷികവർദ്ധനവും നൽകി. പ്രവർത്തനം വിലയിരുത്തി പിരിച്ചുവിടാനുള്ള അധികാരവും ചീഫ് സെക്രട്ടറിക്കുതന്നെ. കേട്ടുകേൾവിയില്ലാത്തതും അസാധാരണവുമായ നടപടിയാണിത്. തൊഴിൽവകുപ്പ് സെക്രട്ടറിയായിരിക്കെ തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന യുവതിയെയും ടോംജോസ് സെല്ലിൽ അംഗമാക്കി. ടീം ലീഡർക്ക് 75,000–1.25 ലക്ഷം, രണ്ട് ഡെപ്യൂട്ടി ടീം ലീഡർമാർക്ക് 40,000–75,000 എന്നിങ്ങനെയാണ് ശമ്പളം. നിലവിൽ സെല്ലിൽ രണ്ടംഗങ്ങളേയുള്ളൂ. ഇവർക്ക് 36 ലക്ഷത്തോളം രൂപ ശമ്പളമായി നൽകിയിട്ടുണ്ട്. സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലെ പ്രാവീണ്യം യോഗ്യതയിലുൾപ്പെടുത്തിയത് വേണ്ടപ്പെട്ടവരെ നിയമിക്കാനായിരുന്നു. ഏറ്റവുമധികം മലയാളികൾ ഗൾഫിലാണെങ്കിലും അറബി ഭാഷ ഇക്കൂട്ടത്തിലുൾപ്പെടുത്തിയിട്ടില്ല. സ്പെഷ്യൽസെല്ലിൽ വിദേശഇടപാടുകളുടെയോ നിക്ഷേപകമ്പനികളുമായുള്ല ചർച്ചകളുടെയോ ഫയലുകൾ ഇല്ലെന്നും വിവരമുണ്ട്. ടോംജോസ് ചീഫ് സെക്രട്ടറിയായിരിക്കെ തുടങ്ങിയ സ്പെഷ്യൽസെൽ വിശ്വാസ് മേത്തയും തുടരുകയാണ്.
നെതർലാൻഡ്സുമായുള്ള
നയതന്ത്ര ബന്ധം
കേരളത്തിന് നെതർലാൻഡ്സുമായി ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളുണ്ടോ....? മലയാളിയായ വേണുരാജാമണി അവിടെ ഇന്ത്യയുടെ സ്ഥാനപതിയാണ് എന്നതൊഴിച്ചാൽ കാര്യമായ ബന്ധമൊന്നുമില്ല. പക്ഷേ, കേരള സർക്കാരിന്റെ മുദ്രയുള്ള സെക്രട്ടേറിയറ്റിലെ ഫയലിൽ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എഴുതിയിരിക്കുന്നത് ഇങ്ങനെ- 'മുഖ്യമന്ത്റിയുടെ നെതർലാൻഡ്സ് സന്ദർശനത്തിലും ചർച്ചകളിലും സജീവമായി ഇടപ്പെട്ട കമ്പനികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. അതുകൊണ്ട് അവരെകൂടി ഉൾപ്പെടുത്തണം. അല്ലെങ്കിൽ നെതർലാൻഡ്സുമായുള്ള നയതന്ത്റബന്ധത്തെ ബാധിക്കും'. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇങ്ങനെയൊരു അബദ്ധമെഴുതി ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. 30കോടിയുടെ പ്രളയ പ്രതിരോധ പ്രവർത്തനത്തിന് കൺസൾട്ടന്റുമാരെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയിൽ ബെൽജിയത്തിലെ ട്രാക്ടാബെൽ, നെതർലാൻഡ്സിലെ ഹസ്കോണിംഗ് കമ്പനികളെക്കൂടി ഉൾപ്പെടുത്താനായിരുന്നു ഈ കുറിപ്പ്.
2019 മേയിൽ മുഖ്യമന്ത്രി നെതർലാൻഡ്സ് സന്ദർശിച്ചു. പ്രളയജലം പെട്ടെന്ന് ഒഴുക്കിക്കളയുന്ന നെതർലാൻഡ്സിലെ 'റൂം ഫോർ റിവർ' പദ്ധതി കുട്ടനാടിന് പറ്റിയതാണെന്ന് വിലയിരുത്തുകയും ചെയ്തു. അത് നടപ്പാക്കാനുള്ള കൺസൾട്ടന്റുമാരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയപ്പോൾ ഈ കമ്പനികളെ ഒഴിവാക്കി. ഇന്ത്യയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കിയ പരിചയം വേണമെന്ന മാനദണ്ഡം ഒഴിവാക്കി നെതർലാൻഡ്സിലെ കമ്പനിയെക്കൂടി ഉൾപ്പെടുത്താനായിരുന്നു അസാധാരണമായ ഈ കുറിപ്പ്. നല്ല കമ്പനികളെ കൊണ്ടുവരുക എന്ന ഉദ്ദേശം മാത്രമായിരുന്നു കുറിപ്പിന് പിന്നിലെന്നാണ് വിശ്വാസ് മേത്തയുടെ പ്രതികരണം.
സ്വന്തം സൈനിക മേധാവി..!
ഇടയ്ക്കിടെ പട്ടാള യൂണിഫോമിൽ പ്രത്യക്ഷപ്പെടാറുള്ള പൊലീസ് മേധാവി ലോക്നാഥ് ബെഹറയെ കേരളത്തിന്റെ സ്വന്തം സൈനിക മേധാവിയെന്ന് തമാശയ്ക്ക് വിളിച്ചിരുന്നവർ, യു.എ.ഇ കോൺസുലേറ്റിലെ അദ്ദേഹത്തിന്റെ അധികാരപ്രയോഗം കണ്ട് ഞെട്ടിയിരിക്കുകയാണ്. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതലയാണെങ്കിലും, കേരളാ പൊലീസിലെ രണ്ട് ഗൺമാൻമാരെ കോൺസുൽ ജനറലിന്റെ സുരക്ഷയ്ക്ക് നിയോഗിച്ച് ബെഹ്റ ഉത്തരവിറക്കുകയും മൂന്നുവട്ടം കാലാവധി നീട്ടിനൽകിയതുമാണ് വിവാദത്തിലായത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്ഥാന ആഭ്യന്തരവകുപ്പിന്റെയും അനുമതിയോടെയേ നയതന്ത്റ ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ സുരക്ഷ പോലും ഒരുക്കാൻ സംസ്ഥാന പോലീസിനു കഴിയൂ. വിദേശകാര്യ മന്ത്റാലയത്തിന്റെ അനുമതി തേടാതെ കോൺസുലേറ്റിന്റെ കത്ത് പരിഗണിച്ച് ഗൺമാനെ അനുവദിച്ച് ഡിജിപി സ്വന്തംനിലയിൽ ഉത്തരവിറക്കുകയായിരുന്നു.
നയതന്ത്റ ഓഫീസുകൾക്കു സുരക്ഷാ ഭീഷണിയുണ്ടെങ്കിലോ സുരക്ഷ ആവശ്യപ്പെട്ട് അവർ കത്തു നൽകിയാലോ സംസ്ഥാന സർക്കാർ വഴി വിദേശകാര്യ മന്ത്റാലയത്തെ പൊലീസ് ഇക്കാര്യം അറിയിക്കണം. കോൺസുലേറ്റിനു പുറത്തു സുരക്ഷ ഒരുക്കാൻ മാത്രമാണ് സംസ്ഥാന പൊലീസിന് അനുമതിയുള്ളത്. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കോ ഓഫിസിനകത്തോ സുരക്ഷ ഒരുക്കേണ്ടത് കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഏജൻസികളായിരിക്കണം. ആഭ്യന്തര വകുപ്പു വഴിയാണു കേന്ദ്ര വിദേശകാര്യമന്ത്റാലയത്തിന്റെ അനുമതി നേടേണ്ടത്. മാത്രമല്ല, വിദേശ നയതന്ത്റ പ്രതിനിധികളുമായി, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ആശയവിനിമയം നടത്തുന്നതിനു വിലക്കുണ്ട്. ചീഫ്സെക്രട്ടറി വഴി മാത്രമേ നയതന്ത്റ പ്രതിനിധികളെ ബന്ധപ്പെടാവൂ എന്നാണ് ചട്ടം. സുരക്ഷാ ഭീഷണിയുള്ള ഡൽഹിയിലെ എംബസികൾക്ക് ഡൽഹി പൊലീസ് പുറത്ത് സുരക്ഷ ഒരുക്കാറുണ്ടെങ്കിലും എംബസിക്ക് അകത്തെ സുരക്ഷ അതത് രാജ്യങ്ങളിലെ സുരക്ഷാ സേനകൾക്കാണ്. യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷ നോക്കുന്നത് അമേരിക്കൻ സേനയാണ്. എംബസികൾ ഔദ്യോഗിക പരിസരത്തിന് പുറത്ത് സ്വന്തം നിലയ്ക്ക് സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെടുന്നത് വിദേശകാര്യ വകുപ്പ് കർശനമായി വിലക്കിയിട്ടുമുണ്ട്. ഇതിന്റെ ലംഘനമാണ് ഡിജിപി നടത്തിയത്. വിദേശരാജ്യം നമ്മുടെ എംബസിക്ക് നൽകുന്ന സുരക്ഷയാണ് ഇവിടെയും തിരികെനൽകുക. പാക് ഭീഷണിയുണ്ടെന്ന് കേന്ദ്രം അറിയിച്ചിട്ടും യു.എ.ഇയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അവിടെ സുരക്ഷ നൽകുന്നില്ല. തിരിച്ചും അങ്ങനെ മതിയെന്നാണ് കേന്ദ്രനിലപാട്.
സക്കാത്തിന്
ദുബായിലേക്കൊരു വിളി
കൊവിഡ് വ്യാപനം കാരണം തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കു പോയ യു.എ.ഇ കോൺസുൽ ജനറലിനെ വിളിച്ച് മലപ്പുറത്തെ വിശ്വാസികൾക്ക് സക്കാത്ത് നൽകണമെന്ന് മന്ത്രി കെ.ടി ജലീൽ അഭ്യർത്ഥിച്ചതും കുരുക്കായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഒരു വിദേശ സഹായവും സ്വീകരിക്കാൻ സംസ്ഥാനത്തിന് കഴിയില്ല. പ്രളയകാലത്ത് യു.എ.ഇ പ്രഖ്യാപിച്ച 700കോടിയുടെ സഹായം വാങ്ങാനാവാതെ പോയത് അങ്ങനെയായിരുന്നു. എടപ്പാൾ, തൃപ്പങ്ങോട് പഞ്ചായത്തുകളിൽ വിതരണം ചെയ്യാനുള്ള ആയിരം കിറ്റുകൾക്കായാണ് ജലീൽ കോൺസുൽ ജനറലിനെ നേരിട്ടുവിളിച്ചത്. കിറ്റൊന്നിന് 500രൂപ വച്ച് അഞ്ചുലക്ഷം രൂപയുടെ ഇടപാടാണ് നടന്നത്.
യു.എ.ഇ കോൺസുലേറ്റിന്റെ ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ നേരിട്ട് വിളിച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രോട്ടോകോളിന്റെ ലംഘനമാണ്. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും മറ്റ് രാജ്യങ്ങളുടെ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി എങ്ങനെ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ഹാൻഡ്ബുക്കിലുണ്ട്. താത്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന്റെ അധികൃതരുമായി വിദേശരാജ്യ കാര്യാലയങ്ങൾ ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നാണ് ഹാൻഡ്ബുക്കിന്റെ 18ാം അദ്ധ്യായത്തിൽ. സാമ്പത്തികസഹായം നൽകുന്നെങ്കിൽ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിന് വിധേയമായിരിക്കണമെന്നും ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നും അടുത്ത അദ്ധ്യായത്തിൽ പറയുന്നു. സംസ്ഥാന മന്ത്രിമാർ പദവിയുടെ അന്തസ് പാലിക്കണമെന്നതിനാൽ ഇത്തരം കാര്യങ്ങൾക്ക് സംസ്ഥാനസർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗം വഴിയാണ് വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമായി ബന്ധപ്പെടേണ്ടത്. വ്യക്തിപരമായി വിളിച്ച് സാധനങ്ങൾ ആവശ്യപ്പെടുന്നത് ശരിയായ കീഴ്വഴക്കമല്ല. എന്നാൽ, യു.എ.ഇ കോൺസുലേറ്റിന്റെ ചെലവിൽ 1000 കിറ്റുകൾ കൺസ്യൂമർഫെഡിൽ നിന്ന് സംഘടിപ്പിച്ച് രണ്ട് പഞ്ചായത്തുകളിൽ വിതരണം ചെയ്തെന്നും അതിനാണ് കോൺസുലേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം സ്വപ്ന സുരേഷിനെ താൻ വിളിച്ചതെന്നുമാണ് മന്ത്രി ജലീൽ പറഞ്ഞത്. കോൺസുൽ ജനറലുമായി നടത്തിയ വാട്സ്ആപ് ചാറ്റും പുറത്തുവിട്ടു. വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നവരുമായി ഇടപെടുന്നതിൽ മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥർക്കും പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇത് പാലിച്ചാണോ മന്ത്രി ജലീൽ കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്ന് കേന്ദ്രസർക്കാർ അന്വേഷിക്കുകയാണ്.