പ്രേംനസീര്‍ മലയാളത്തിന് വെറുമൊരു നടനായിരുന്നില്ല. ഭ്രമിപ്പിക്കുന്ന ഒരനുഭവമായിരുന്നു. പകര്‍ന്നാടിയ കഥാപാത്രങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുതുളുമ്പിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേനസീറിന്റെ അഭിമുഖം എടുക്കാൻ പോയ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് തന്റെ ഫിലിമി ഫ്രെെഡേയ്സ് എന്ന യൂട്യൂബ് ചാനലിലൂടെ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ബാലചന്ദ്രമേനോൻ.
പ്രേംനസീറിനെ ഇന്റർവ്യൂ ചെയ്യാൻ ബാലചന്ദ്രമേനോന്റെ സുഹൃത്തായ ഒരു ബാങ്ക് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നു. അവർക്ക് നസീറിന്റെ സിനിമകളോട് പൊതുവെ ഇഷ്ടമില്ലായിരുന്നു. അവരെയും കൂടെകൂട്ടിയാണ് ബാലചന്ദ്രമേനോൻ പോയത്. ആ അനുഭവമാണ് അദ്ദേഹം തുറന്നുപറയുന്നത്.
"പ്രേംനസീറിനെ അന്ന് ഇന്റർവ്യൂ ചെയ്യാൻ പോകുന്ന സമയത്ത് ഒരു ധൈര്യത്തിനായി ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്തിനെയും കൂടെക്കൂട്ടിയിരുന്നു. എ വി എം സ്റ്റുഡിയോയിലേക്കായിരുന്നു പോയത്. പ്രേംനസീറിനെയും അയാളുടെ അഭിനയവും ഇഷ്ടമല്ലാത്ത ആളായിരുന്നു സുഹൃത്ത്. ഒരു നടനെന്ന രീതിയിൽ അത്ര ബഹുമാനം തോന്നുന്ന ഒരാളല്ല നസീർ എന്ന് അയാൾ പറഞ്ഞു. ഞങ്ങൾ എ വി എം സ്റ്റുഡിയോയിൽ എത്തിയപ്പോൾ ഷൂട്ടിംഗ് നടത്തുകയായിരുന്നു.
വെയിറ്റ് ചെയ്യാൻ പറഞ്ഞു. സുഹൃത്തിന് സിനിമാക്കാരോട് പുച്ഛമായിരുന്നു. കുറച്ചുകഴിഞ്ഞ് നസീർ സാർ പുറത്തുവന്നപ്പോൾ ഞങ്ങൾ അഭിമുഖത്തിനായിരുന്നു. തൊട്ടപ്പുറത്തുള്ള കസേരയിൽ സുഹൃത്തായ ബാങ്ക് ഉദ്യോഗസ്ഥനെയും പിടിച്ചിരുത്തി. എന്റെ ചെറിയ ചോദ്യങ്ങൾക്ക് പോലും നസീർ സാർ വ്യക്തമായി മറുപടി പറഞ്ഞു.
എന്റെ ചോദ്യങ്ങളുടെ സ്വഭാവം കണ്ടപ്പോൾ നസീർ പറഞ്ഞു, ഇത്രയും ചോദ്യം നിങ്ങൾ എന്നോട് ചോദിച്ചല്ലോ ഇനി ഞാൻ നിങ്ങളോട് ചോദിക്കട്ടെ. എന്താണ് നിങ്ങളുടെ ഉദ്ദേശ്യമെന്ന് ചോദിച്ചു. നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് പത്രപ്രവർത്തന ജോലിയുമായി ബന്ധപ്പെട്ടല്ലെന്ന് നസീർ സാർ പറഞ്ഞു. പിന്നീട് ഞാൻ സ്റ്റുഡിയോയ്ക്ക് അകത്തേക്ക് പോയി.
ഈ സമയത്ത് നസീർ സാറും ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്തും തമ്മിൽ ഒരു പത്തു മിനുട്ട്നേരം സംസാരിച്ചു. അത് ഞാൻ കണ്ടിരുന്നു. അതുകഴിഞ്ഞ് തിരിച്ച് പോരുന്ന സമയത്ത് ഞാൻ അത്ഭുതപ്പെട്ടു. സുഹൃത്ത് പറഞ്ഞു എനിക്ക് അദ്ദേഹത്തെ തീരെ ഇഷ്ടമല്ലായിരുന്നു, എന്നാൽ പത്ത് മിനുട്ട് നേരം സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തന്റെ ആരാധകനായി മാറി.
അവർ ബാങ്കിംഗിനെ കുറിച്ച് കുറെ സംസാരിച്ചു. തന്റെ ബാങ്കിലേക്ക് ഒരു അക്കൗണ്ട് തുടങ്ങാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിയോഗിയായി വന്ന ഒരു വ്യക്തിയെ പത്ത് മിനിട്ടുകൊണ്ടാണ് പുള്ളി മാറ്റിയെടുത്തത്. പ്രേംനസീറിന്റെ വിജയമെന്ന് പറയുന്നത് അതാണ്-ബാലചന്ദ്രമേനോൻ പറഞ്ഞു.