covid-death

പത്തനംത്തിട്ട: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്താണ് ഏറ്റവും ഒടുവിലത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്. ഇന്ന് പുലർച്ചെ മരിച്ച തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി ബാബുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആർ.സി.സിയിൽ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ബാധിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

ഇന്നലെ മരിച്ച തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വർഗീസിനും കൊവിഡ് സ്ഥിരീകരിച്ചു. കിടപ്പ് രോഗിയായ ട്രീസക്ക് 60 വയസായിരുന്നു. കൊവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായിരുന്ന ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റും മുമ്പേ മരണം സംഭവിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌ക്കാരം നടത്തി. ഇവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്.

ആലപ്പുഴ കാട്ടൂർ സ്വദേശി മറിയാമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. 65 വയസായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച തിരുവനന്തപുരം പാറശാല സ്വദേശിനി തങ്കമ്മയ്ക്കും (82) കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയായിരുന്നു തങ്കമ്മയുടെ മരണം. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് തങ്കമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. തിരുവല്ല നഗരസഭാ പരിധിയിൽ നിലവിൽകണ്ടെയ്ൻമെന്റ് സോൺ ആണ്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. ഇവരുടെ കുടുംബാംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

തിരുവല്ലയിലെ കവിയൂരിലായിരുന്നു ഏറെ കാലമായി തങ്കമ താമസച്ചിരുന്നത്. അടുത്തിടെ അസുഖത്തെ തുടർന്ന് ഇവരെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. തുടർന്നാണ് ഇവരുടെ സാമ്പിൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് ഫലം വന്നതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറത്ത് നിരീക്ഷണത്തിലായിരിക്കെ മരിച്ച യുവാവിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാളികാവ്‌ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ പാലോട്ടിൽ അബ്ദുൾഗഫൂറിന്റെ മകൻ ഇർഷാദലി (26) ആണ് ഇന്നലെ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇർഷാദലിക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.