തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗൺസിലർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോർപ്പറേഷനിൽ രോഗം സ്ഥിരീകരിച്ച കൗൺസിലർമാരുടെ എണ്ണം ഏഴായി. ഇന്നലെ നാല് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂർ വാർഡിലെ കൗൺസിലർക്ക് ഉൾപ്പെടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൗൺസിലർമാർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരുടെ ഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. തിരുവനന്തപുരം നഗരവുമായി കൂടുതൽ ബന്ധപ്പെട്ടിട്ടുള്ള ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കുക സങ്കീർണ നടപടിയായിരിക്കും.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാർക്കുമായി റാൻഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ തലസ്ഥാനത്ത് വട്ടിയൂർക്കാവിലെ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ ഏർപെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്.