liverpool

ലണ്ടൻ : ഒന്നിനുപിന്നാലെ ഒന്നായി എട്ടുഗോളുകൾ പിറന്ന മത്സരത്തിൽ ചെൽസിയെ 5-3ന് പൊട്ടിച്ച ലിവർപൂൾ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടവും ഏറ്റുവാങ്ങി.ഒരു മാസം മുമ്പേതന്നെ കിരീടം ലിവർപൂൾ ഉറപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ രാത്രി ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിലെ വിജയത്തിന് ശേഷമാണ് കൈമാറിയത്. സീസണിലെ ലിവർപൂളിന്റെ 37-ാമത് വിജയമായിരുന്നു ഇത്. ഞായറാഴ്ച ന്യൂ കാസിലിനെതിരാണ് ലിവർപൂളിന്റെ അവസാന മത്സരം.

കഴിഞ്ഞ വാരം എഫ്. എ കപ്പ് സെമിയിൽ ആഴ്സനലിനോട് തോൽക്കുകയും അതിന് മുമ്പ് ബേൺലിയുമായി സമനില വഴങ്ങുകയും ചെയ്തിരുന്ന ലിവർപൂൾ ചെൽസിക്കെതിരെ ഇരു പകുതികളിലുമായി അഞ്ച് ഗോൾക്കതിനകൾ പൊട്ടിച്ച് കിരീടം ഏറ്റുവാങ്ങുന്നതിന്റെ ആഘോഷം നേരത്തേ തുടങ്ങി. ചെൽസിയും മോശമാക്കിയില്ല. മൂന്നെണ്ണം മടക്കിയടിച്ച് സമ്പൂർണതോൽവിയിൽ നിന്ന് രക്ഷപെട്ടു. പക്ഷേ ഇൗ തോൽവി അവരുടെ ചാമ്പ്യൻസ് ലീഗ് സാദ്ധ്യതകളെ തുലാസിലാക്കിയിട്ടുണ്ട്.

നബി കെയ്ത,അലക്സാണ്ടർ അർനോൾഡ്,വിയനാൽഡം,റോബർട്ടോ ഫിർമിനോ,ഒാക്സലൈഡ് ചേമ്പർലൈൻ എന്നിവരാണ് ലിവർപൂളിനായി സ്കോർ ചെയ്തിരുന്നത്. ആദ്യ പകുതിയിൽ ലിവർപൂൾ മൂന്നുഗോളുകൾ നേടിയിരുന്നു.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചെൽസി ഒന്ന് തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 4-1ന് ലീഡ് ചെയ്തശേഷമാണ് ലിവർപൂൾ രണ്ട് ഗോളുകൾ തിരികെ വാങ്ങിയത്. എന്നാൽ അവസാനം ഒരുഗോൾ കൂടി നേടി ചാമ്പ്യൻക്ളബ് പട്ടിക പൂർത്തിയാക്കി. ഒളിവർ ജിറൂദ് , ടാമി എബ്രഹാം, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്.

ഇൗ വിജയത്തോടെ ലിവർപൂളിന് 37 മത്സരങ്ങളിൽ നിന്ന് 96 പോയിന്റായി. അടുത്ത കളി ജയിച്ചാലും 100 പോയിന്റ് തികയ്ക്കുക എന്ന സ്വപ്നം സഫലമാക്കാൻ ലിവർപൂളിനാവില്ല. 63 പോയിന്റുള്ള ചെൽസി നാലാംസ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. അവസാന മത്സരം ജയിച്ചില്ലെങ്കിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് പ്രവേശനം നഷ്ടമാകും.

എട്ടടിച്ച കളി

1-0

23-ാം മിനിട്ട്

നബി കെയ്ത

വാൻ ഡിക്കിന്റെ പാസ് വില്ലെയ്ൻ തടുക്കാൻ ശ്രമിച്ചെങ്കിലും ഫിർമിനോയുടെ ഇടപെടൽ മൂലം കിട്ടിയ പന്താണ് കെയ്ത ചെൽസിയുടെ വലയിൽ വീണ ആദ്യ ഗോളാക്കിയത്.

2-0

38-ാം മിനിട്ട്

അലക്സാണ്ടർ അർനോൾഡ്

പെനാൽറ്റി ഏരിയയ്ക്ക് പുറത്തുനിന്ന് തൊടുത്ത ഒരു ഫ്രീകിക്ക് അർനോൾഡ് വലയ്ക്കുള്ളിലാക്കുകയായിരുന്നു.

3-0

43-ാം മിനിട്ട്

വിയനാൽഡം

മുഹമ്മദ് സലായുടെ പാസിൽ നിന്നായിരുന്നു ലിവർപൂളിന്റെ മൂന്നാം ഗോൾ.

3-1

45-ാം മിനിട്ട്

ഒളിവർ ജിറൂദ്

വില്ലെയ്ന്റെ ഷോട്ട് ലിവർപൂൾ ഗോളി ആലിസൺ തടുത്തിട്ടത് തട്ടിയെടുത്തായിരുന്നു ജിറൂദിന്റെ സ്കോറിംഗ്.

4-1

54-ാം മിനിട്ട്

ഫിർമിനോ

അലക്സാണ്ടർ അർനോൾഡ് നൽകിയ പാസിൽ നിന്ന് സ്കോർ ചെയ്ത ബ്രസീലിയൻ താരം ഏറെനാളായി ഗോളടിക്കാൻ കഴിയാതിരുന്നതിന്റെ ക്ഷീണം മാറ്റി.

4-2

61-ാം മിനിട്ട്

ടാമി എബ്രഹാം

ജിറൂദിന് പകരമിറങ്ങി മൂന്ന് മിനിട്ടികം ടാമി പുലിസിച്ചിന്റെ പാസിൽ നിന്ന് സ്കോർ ചെയ്യുന്നു.

4-3

73-ാം മിനിട്ട്

പുലിസിച്ച്

ഹഡ്സൺ ഒഡോയിയുടെ പാസിൽ നിന്ന് പുലിസിച്ചും സ്കോർ ചെയ്തതോടെ ചെൽസി ഒരു ഗോളിന് മാത്രം പിന്നിൽ.

5-3

84-ാം മിനിട്ട്

ചേമ്പർലൈൻ

ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പിറന്ന ഗോളോടെ ലിവർപൂൾ പട്ടിക പൂർത്തിയാക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില

പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡുമായി സമനിലയിൽ കുടുങ്ങി. മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 45-ാം മിനിട്ടിൽ അന്റോണിയോയിലൂടെ വെസ്റ്റ്ഹാം ആണ് ആദ്യം സ്കോർ ചെയ്തത്.51-ാം മിനിട്ടിൽ ഗ്രീൻ വുഡിലൂടെ മാഞ്ചസ്റ്റർ സമനില പിടിച്ചു.

ചെൽസി തൊട്ടുപിന്നാലെ ലിവർപൂളിനോട് തോറ്റതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 63 പോയിന്റുമായി പ്രിമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

പോയിന്റ് നില

ക്ളബ്,കളി ,പോയിന്റ് ക്രമത്തിൽ

ലിവർപൂൾ 37-96

മാഞ്ചസ്റ്റർ സിറ്റി 37-78

മാഞ്ച.യുണൈ. 37-63

ചെൽസി 37-63

ലെസ്റ്റർ സിറ്റി 37-62