bolso

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയ്ക്ക് മൂന്നാമത്തെ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ്. ജൂലായ് 7നാണ് ബോൾസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ തുടർ ടെസ്റ്റുകളിലും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ ക്വാറന്റൈൻ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി.

നേരിയ രോഗലക്ഷണങ്ങളുള്ളവർക്ക് രോഗം ഭേദമാകാൻ സാധാരണ രണ്ടാഴ്ചയാണ് എടുക്കാറ്. നിലവിൽ മുഖാമുഖമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ബൊൾസൊനാരോ യോഗങ്ങളും വാർത്താസമ്മേളനവും നടത്തുന്നത്.

ബൊൾസൊനാരോയുടെ മന്ത്രിസഭയിലെ നാലംഗങ്ങൾക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചെറിയൊരു ഫ്ളൂ മാത്രമാണെന്ന തരത്തിൽ ഇത്രനാളും കൊവിഡിനെ നിസാരവത്കരിക്കുകയായിരുന്നു ബൊൾസൊനാരോ. പലപ്പോഴും ആൾക്കൂട്ടത്തിൽ മാസ്‌ക് പോലും ധരിക്കാതെ പ്രത്യക്ഷപ്പെട്ടു. ഈയടുത്താണ്‌ മാസ്‌ക് ധരിച്ച് തുടങ്ങിയത്. ക്വാറന്റൈനിലിരിക്കെ വീടിന് പുറത്തിറങ്ങി പക്ഷികൾക്ക് തീറ്റികൊടുക്കുകയും മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയുമൊക്കെ ചെയ്ത ബോൾസൊനാരൊയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.