soo

കൊല്ലം: റീ ബിൽഡ് കേരളയ്ക്ക് വേണ്ടിയുളള മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് സൗകര്യം ചെയ്തുകൊടുത്തവർക്ക് കൺസൾട്ടൻസി കൊടുക്കണം എന്ന് ഫയലിൽ കുറിപ്പെഴുതിയ ചീഫ് സെക്രട്ടറിക്കെതിരെ നടപടി എടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.

'കേരളം ഭരിക്കുന്നത് കൺസൾട്ടൻസികൾ സ്പാേൺസർചെയ്യുന്ന സർക്കാരാണോ എന്ന സംശയമുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തൊഴിലാളി വർഗ നിലപാടുകളിൽ നിന്ന് മാറി മുതലാളിത്ത കൺസൾട്ടൻസികളുടെ സമ്പൂർണ നിയന്ത്രണത്തിലേക്ക് എത്തിയിരിക്കുകയാണ്.സെക്രട്ടേറിയറ്റിലെ ദൈനംദിന കാര്യങ്ങൾ മുതൽ മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ വരെ കൺസൾട്ടൻസികളുടെ നിയന്ത്രണത്തിലാണ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ പോലും സെക്രട്ടേറിയറ്റ് താവളമാക്കി പ്രവർത്തിക്കുന്ന നാല് കൺസൾട്ടന്റുകൾ സ്വയം ചെയ്യുകയാണ്'.- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

റീ ബിൽഡ് കേരളക്ക് വേണ്ടി മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് സൗകര്യം ചെയ്തു കൊടുത്തവർക്ക് കൺസൾട്ടൻസി കൊടുക്കണം എന്ന് ഫയലിൽ കുറിപ്പെഴുതിയ ചീഫ് സെക്രട്ടറിക്കെതിരെ നടപടി എടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം തയ്യാറാകണം.കമ്പനിക്ക് കൺസൾട്ടൻസി കൊടുത്തില്ലെങ്കിൽ നയതന്ത്ര ബന്ധം തകരാറിലാകുമെന്ന് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കുറിപ്പെഴുതിയത് ആർക്ക് വേണ്ടി?

'കേരളം ഭരിക്കുന്നത് കൺസൾട്ടൻസികൾ സ്പോൺസേർഡ് സർക്കാരാണോ?അതോ കമ്യൂണിസ്റ്റ് സർക്കാരാണോ?'എന്ന സംശയം ഉയരുകയാണ്.കാരണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തൊഴിലാളി വർഗ നിലപാടുകളിൽ നിന്നും പരിപൂർണ്ണമായി മാറി മുതലാളിത്വ കൺസൾട്ടൻസികളുടെ സമ്പൂർണ നിയന്ത്രണത്തിലേക്ക് എത്തിയിരിക്കുകയാണ്.

സെക്രട്ടറിയേറ്റിലെ ദൈനംദിന കാര്യങ്ങൾ മുതൽ മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ വരെ കൺസൾട്ടൻസികളുടെ നിയന്തണത്തിലാണ്. പിണറായി സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ മുമ്പൊക്കെ LDFഉം,CPM കമ്മിറ്റികളും തീരുമാനിച്ചിരുന്നെങ്കിൽ; ഇപ്പോൾ അവരെയൊക്കെ മൂകസാക്ഷികളാക്കി ആ ജോലിയും സെക്രട്ടറിയേറ്റ് താവളമാക്കി പ്രവർത്തിക്കുന്ന 4 കൺസൾട്ടന്റുകൾ സ്വയം ചെയ്യുകയാണ്.

സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന വികസന പദ്ധതികളുടെ സാധ്യതാ പഠനം നടത്താൻ വന്ന കൺസൽട്ടന്റുകൾ കരാർ ഉണ്ടാക്കി പദ്ധതി നിർവ്വഹണം നടത്തി ജീവനക്കാരെ വരെ നിയമിക്കുന്ന അധികാര കേന്ദ്രമായി മാറിയിരിക്കുന്നു...!
സ്വർണക്കടത്തു കേസിൽ പിടിക്കപ്പെട്ട കളളക്കടത്തുകാരി ഇത്തരത്തിൽ നിയമിക്കപ്പെട്ടതാണ്...

ഉയർന്ന ശമ്പളത്തിൽ പിൻവാതിൽ നിയമനങ്ങളും , സെക്രട്ടറിയേറ്റിൽ അവതാരങ്ങളെ പ്രതിഷ്ഠിക്കലുമെല്ലാം വിദേശ കൺസൾട്ടൻസികളുടെ മറപിടിച്ചാണ് നന്നുവരുന്നത്.
മിന്റ് എന്ന ജോബ് കൺസൾട്ടൻസി വഴി 90 ഓളം നീയമനങ്ങൾ കിൻഫ്ര വഴി പിണറായി സർക്കാർ സെക്രട്ടേറിയേറ്റിനകത്തും പുറത്തും നടത്തിയതിന്റെ വിശദ വിവരങ്ങൾ ആണ് പുതിയതായി പുറത്ത് വരുന്നത്.
കോവിഡ് കാലത്ത് സ്പ്രിംഗ്ളർ മുതൽ ഇ മൊബിലിറ്റി വരെയുള്ള അഴിമതികൾ ഇവരുടെ സംഭാവനയാണ്.

തീവ്രവാദബന്ധമുളള സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് ബന്ധപ്പെടുത്തുന്നിടത്തു വരെ കാര്യങ്ങൾ എത്തിയിട്ടും കൺസൾട്ടൻസികളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയോ പാർട്ടി നേതൃത്വമോ തയ്യാറായിട്ടില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇവരുടെ തടവറയിലാണെന്ന കാര്യം ഇതോടെ വ്യക്തമാണ്.

മുൻപ് സിങ്കുരിലും,നന്ദി ഗ്രാമിലും സി പി എം നടത്തിയ നയവ്യതിചലനം ബംഗാൾ സംസ്ഥാനത്തു നിന്നു തന്നെ പാർട്ടിയുടെ താഴ് വേര്‌ പിഴുതെറിയാൻ കാരണമായി.സമാനമായ സാഹചര്യമാണ് കേരളത്തിലും ഉടലെടുക്കാൻ പോകുന്നത്...

ലാഭക്കണ്ണോടെ വട്ടമിട്ടു പറക്കുന്ന വിദേശ കോർപ്പറേറ്റ് കൺസൾട്ടൻസ് കമ്പനികളുടെ പാദസേവകരായി മാറിയ കേരളത്തിലെ സർക്കാരിനെയും, പാർട്ടിയേയും ജനങ്ങൾ വിസ്മൃതിയിലേക്ക് വലിച്ചെറിയുന്ന കാലം വിദൂരമല്ല...