covid

കൊച്ചി : എറണാകുളത്ത് കാക്കനാട് കരുണാലയ കോൺവെന്റിലെ മുപ്പത് കന്യാസ്‌ത്രീമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാസ്‌ത്രീകൾക്ക് കോൺവെന്റിൽ തന്നെ ചികിത്സയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോൺവന്റിലെ ഒരു നില ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റി.

കൊവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയായ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ് മുപ്പത് പേർ. കഴിഞ്ഞദിവസം കോൺവെന്റിലെ മൂന്ന് കന്യാസ്ത്രീമാർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച കന്യാസ്ത്രീകളുടെ എണ്ണം 33 ആയി.

ഗുരുതരമായ സാഹചര്യമാണ് കോൺവെന്റിലുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇത്രയും പേർക്ക് എങ്ങനെ കൊവിഡ് വന്നുവെന്ന ഊർജ്ജിത അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. മഠത്തിന് കീഴിലുള്ള മറ്റ് കോൺവെന്റുകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനമെടുത്തു. ഇക്കാര്യം സഭാ അധികൃതരുമായി ചർച്ച ചെയ്‌തു.

കന്യാസ്ത്രീകൾക്ക് രോഗം ഗുരുതരമാവുകയാണെങ്കിൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാനായി ആംബുലൻസുകൾ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങളിലും കർശന ജാഗ്രത നിർദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്.