ന്യൂഡൽഹി: കൊവിഡ് രോഗ വ്യാപനം രാജ്യമാകെ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് അതിവേഗം നടക്കുകയാണ്. ഈ സമയം ജീവനക്കാർക്ക് രോഗവ്യാപന ഭീതിയില്ലാതെ ജോലി നോക്കാൻ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ഉത്തര മധ്യ റെയിൽവേ. ടിക്കറ്റ് പരിശോധകർക്ക് യാത്രികനെ സ്‌പർശിക്കാതെ ടിക്കറ്റ് പരിശോധിക്കാനുളള ക്യുആർ കോഡ് വഴിയുളള ടിക്കറ്ര് പരിശോധനാ സംവിധാനമാണിത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് റിസർവ് ചെയ്‌ത ടിക്കറ്റുകളുടെ വിവരം ക്യു ആർ കോഡായി ലഭിക്കാനുളള സംവിധാനം ഏർപ്പെടുത്തിയത്.
ഉത്തര മധ്യ റെയിൽവേയിലെ പ്രയാഗ് രാജ് ഡിവിഷനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 'ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു എസ്എംഎസ് ലഭിക്കും.അതിലെ യുആർഎൽ അല്ലെങ്കിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ടിക്കറ്റ് കാണാനാകും. ഈ സ്‌കാനർ ടിക്കറ്റ് പരിശോധകൻ നോക്കി വിലയിരുത്തും.' ഉത്തര മധ്യ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
മുൻപ് തന്നെ ഉത്തര റെയിൽവേയിലെ മൊറാദാബാദ് ഡിവിഷനിൽ പരിഷ്‌കരിച്ച ക്യു ആർ കോഡ് ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റുകൾ പരിശോധകന്റെ കൈയിലുളള ക്യു ആർ കോഡ് യന്ത്രത്തിലൂടെ പരിശോധിച്ചിരുന്നു. ഉത്തര പശ്ചിമ റെയിൽവേയും 12 റയിൽവേ സ്‌റ്റേഷനുകളിൽ ക്യു ആർ കോഡ്കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്നു.