സുക്രെ: ബൊളീവിയയിൽ ഇക്കഴിഞ്ഞ അഞ്ചുദിവസത്തിനിടെ തെരുവുകളിൽ നിന്നും വീടുകളിൽ നിന്നുമായി പൊലീസ് കണ്ടെത്തിയത് 400ൽ അധികം മൃതദേഹങ്ങൾ. ഇതിൽ 85 ശതമാനവും കൊവിഡ് ബാധിച്ച മരിച്ചവരുടേതാണെന്ന് പൊലീസ് ഭാഷ്യം. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെടുത്ത കാര്യം ബൊളിവീയൻ പൊലീസ് പുറത്തുവിട്ടത്.
ജൂലായ് 15 മുതൽ 20 വരെ കൊച്ചംബാബ മേഖലയിൽ നിന്നു മാത്രം 191 മൃതദേഹങ്ങളും ലാപാസിൽ നിന്ന് 141 മൃതദേഹങ്ങളും കണ്ടെടുത്തതായി ബൊളീവിയ നാഷണൽ പൊലീസ് ഡയറക്ടർ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധയുണ്ടായ സാന്റാക്രൂസിൽ നിന്ന് 68 മൃതദേഹങ്ങൾ കണ്ടെത്തി. ഏകദേശം 60,000 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾക്കൊപ്പം മറ്റ് രോഗങ്ങൾ ബാധിച്ചും ആക്രമണങ്ങൾക്ക് ഇരയായും മരിച്ചവരുടേതുമുണ്ടെന്നും പൊലീസ് ഡയറക്ടർ
പറഞ്ഞു.