flipkart

ന്യൂഡൽഹി : വാൾമാർട്ട് ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും ഫ്ലിപ്കാർട്ട് സ്വന്തമാക്കി. വെളിപ്പെടുത്താത്ത തുകയ്ക്കാണ് വാൾമാർട്ട് ഇന്ത്യയെ ഏറ്റെടുത്തതായി ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചത്. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഇ - കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ നീക്കം. ഓഗസ്റ്റ് മാസത്തോടെ ഫ്ലിപ്കാർട്ടിന്റെ മൊത്തവ്യാപാരം തുടങ്ങാനാണ് നീക്കം. പലചരക്ക്, ഫാഷൻ എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങൾ ഉണ്ടാകും.

വാൾമാർട്ട് സി.ഇ.ഒ ആയ സമീർ അഗർവാൾ തത്കാലം കമ്പനിയിൽ തുടരുകയും പിന്നീട് വാൾമാർട്ടിലെ തന്നെ മറ്റൊരു ചുമതലയിലേക്ക് മാറുകയും ചെയ്യും. വാൾമാർട്ടിന് ഇന്ത്യയിൽ 28 സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമാണുള്ളത്.

കഴിഞ്ഞാഴ്ച കമ്പനി ഓഹരിയുടമയായ വാൾമാർട്ടിൽ നിന്നും വൻ തുക നിക്ഷേപമായി സ്വീകരിച്ചതിന് പിന്നാലെയാണ് വാൾമാർട്ട് ഇന്ത്യയെ സ്വന്തമാക്കിയാതായുള്ള ഫ്ലിപ്കാർട്ടിന്റെ പ്രഖ്യാപനം. അമേരിക്കൻ റീട്ടെയിൽ ഭീമൻമാരായ വാൾമാർട്ടിൽ നിന്നും 1.2 ബില്യൺ ഡോളർ ആണ് ഫ്ലിപ്കാർട്ട് സമാഹരിച്ചത്. ഇതോടെ ഫ്ലിപ്കാർട്ടിന്റെ ആകെ മൂല്യം 24.9 ബില്യൺ ഡോളറായിരുന്നു. 2018ൽ 16 ബില്യൺ ഡോളർ നിക്ഷേപിച്ച് കൊണ്ടായിരുന്നു വാൾമാർട്ട് ആദ്യമായി ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്തിയത്.