ദോഹ: താമസ വിസയുള്ളവർക്ക് ഖത്തറിലേക്ക് മടങ്ങിവരാൻ നിയന്ത്രണങ്ങളോടെ അനുമതി. ആഗസ്റ്റ് ഒന്നു മുതൽആരംഭിക്കുന്ന ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതി നൽകും. യാത്രയ്ക്ക് അനുമതിയുള്ള 40 രാജ്യങ്ങളുടെ പട്ടിക നേരത്തേ ഖത്തർ പുറത്തിറക്കിയിരുന്നു. ഇതിൽ ഇന്ത്യയില്ല. ഈ പട്ടിക അന്തിമമല്ലെന്നും രണ്ടാഴ്ച കൂടും തോറും രാജ്യങ്ങളിലെ സ്ഥിതി പരിശോധിച്ച് പട്ടിക പുതുക്കുമെന്നുമാണ് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയംഅറിയിക്കുന്നത്. ഖത്തർ ഐഡിയുള്ള താമസവിസക്കാർക്ക് രാജ്യത്തേക്ക് മടങ്ങിവരണമെങ്കിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ റീ എൻട്രി പെർമിറ്റ് വേണം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കൂടാതെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരും ഒരാഴ്ച ഹോം ക്വാറന്റൈനിൽ കഴിയണമെന്ന് ഖത്തർ ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ട്.
ഖത്തറിൽ ഒരു 107,871 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. 163 പേർ മരിച്ചു. ഇപ്പോൾ 96 ശതമാനം പേരും രോഗമുക്തരായതോടെയാണ് നിയന്ത്രണങ്ങളോടെ അതിർത്തി തുറക്കാൻ തീരുമാനിച്ചത്.