ടെക്‌സാസ്: സിബി മലയിലിന്റെ 'ആകാശദൂത്" സിനിമയിലെ ക്ളൈമാക്സ് രംഗം അമേരിക്കയിലെ ടെക്സാസിലും അരങ്ങേറിയിരിക്കുകയാണ്. മുടന്തനായതിനാൽ ആരും ഏറ്റെടുക്കാനില്ലാതെ പള്ളിമുറ്റത്തിരിക്കുന്ന കുട്ടിയെ, ദമ്പതികൾ സഹോദരനൊപ്പം ഏറ്റെടുക്കുന്ന സീൻ മലയാളികളെ ഏറെ കരയിപ്പിച്ചിരുന്നു. ടെക്സാസിലെ അലി- തോമസ് ബോണുറാ ദമ്പതികളും അതേ കാര്യമാണ് ജീവിതത്തിൽ പകർത്തിയത്. അഞ്ചിടത്ത് വളരുമായിരുന്ന സഹോദരങ്ങളെ ഒന്നിച്ച് ദത്തെടുത്ത ഇവർ ലോകത്തിന് മാതൃകയാവുകയാണ്.
'അവർ അഞ്ചു പേരും എന്റെ ഉദരത്തിലല്ല, ഹൃദയത്തിൽ ജനിച്ചവരാണ്' - പുഞ്ചിരിയോടെ അലി ബോണുറ പറഞ്ഞു. വലിയൊരു കുടുംബം വേണമെന്ന ദമ്പതികളുടെ ആഗ്രഹമാണ് അനാഥരായ അഞ്ചു സഹോദരങ്ങൾക്ക് ജീവിതമേകിയത്. തങ്ങളുടെ മൂന്നു മക്കൾക്കൊപ്പം നാലാമനായി ബ്രൈസൺ എന്ന ബാലനെ ഇവർ ദത്തെടുത്തു. പിന്നീടാണ് ബ്രൈസണിന് നാല് മുതിർന്ന സഹോദരങ്ങളുണ്ടെന്ന് അറിയുന്നത്. വേർപെട്ട് പോകാതെ അവരെക്കൂടി ദത്തെടുക്കാൻ തീരുമാനിച്ചു.
രണ്ടുവർഷം നീണ്ട നിയമ നടപടികൾക്കൊടുവിൽ ലോക്ക്ഡൗൺ കാലത്ത് സൂം മീറ്റിംഗിലൂടെ മറ്റ് നാലുപേരെയും ഔദ്യോഗികമായി മക്കളാക്കി. തന്റെ എട്ടുമക്കളും വളരെയധികം കരുതലോടെയും സ്നേഹത്തോടെയുമാണ് കഴിയുന്നതെന്ന് അമ്മ അലി പറയുന്നു.
ആ വലിയ തീരുമാനത്തിലേക്ക്
ദത്തെടുക്കാനുണ്ടായ തീരുമാനത്തെക്കുറിച്ചും അലി വിശദീകരിച്ചു. 'മൂത്തമകൻ ജോയ്ക്കൊപ്പം പിറന്ന ഇരട്ടകളിൽ ഒന്ന് അഞ്ചാം മാസം മരിച്ചു. വീണ്ടും കുട്ടികൾ ഉണ്ടാകില്ലെന്ന് കേട്ടതോടെ ഞങ്ങൾ തകർന്നുപോയി. ദത്തെടുക്കാൻ തീരുമാനിച്ചിരിക്കെ, അപ്രതീക്ഷിതമായി ഇരട്ടകൾ പിറന്നു. രണ്ടും പെൺകുട്ടികൾ. എന്നാൽ, ഇനിയൊരു ഗർഭധാരണം അപകടമാണെന്ന് ഡോക്ടർ തീർത്തു പറഞ്ഞു. ഇത്, ദത്തെടുക്കാനുള്ള തീരുമാനത്തിന് ആക്കം കൂട്ടി' - അലി പറയുന്നു.
ബ്രൈസണിനു പിന്നാലെ തോമസ്, കാർട്ടർ, ഡേവിഡ്, ഗബ്രിയേൽ എന്നിവരെയും ദത്തെടുത്ത ബോണുറാ ദമ്പതികൾക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്ന് അഭിനന്ദന പ്രവാഹമാണ്. ഇരുവരും പുണ്യപ്രവർത്തിയാണ് ചെയ്തതെന്ന് പലരും അഭിനന്ദിച്ചു.