sivakumar

തിരുവനന്തപുരം: കൊവിഡ് രോഗബാധ കേരളത്തെ ഒന്നാകെ ഭീതിപ്പെടുത്തുമ്പോൾ സർക്കാർ ഇനിയും മുന്നോട്ട് പോകാൻ ഉണ്ടെന്ന നിലപാടാണ് വി.എസ്​.ശിവകുമാർ എം.എൽ.എയ്ക്കുള്ളത്. സർക്കാരിന്റെ രോഗപ്രതിരോധ നടപടികളോട് പൂർണമായി സഹകരിക്കുന്നുണ്ട്. നഗരത്തിലെ സാമൂഹ്യവാപനം ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ കൈവിട്ടു പോയിട്ടില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ കൊവിഡ് ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാനാകുമെന്നും അദ്ദേഹം 'കേരളകൗമുദി 'ഫ്ളാഷി'നോട് പറഞ്ഞു.


സമൂഹവ്യാപനം വെല്ലുവിളി

തീരപ്രദേശമായ പൂന്തുറയിൽ സമൂഹവ്യാപനം ഉണ്ടായത് ആശങ്കപ്പെടുത്തുന്നുണ്ട്. രോഗവ്യാപനം ചെറുക്കാൻ പ്രതിരോധ മാർഗങ്ങൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങൾ സ്വയം സഹകരിക്കുന്നത് ആശാവഹമാണ്. പൂന്തുറ ഉൾപ്പെടെയുള്ള തീരദേശമേഖലയിലേക്ക് 3000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടൻ ലഭ്യമാക്കും.

ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

മണ്ഡലത്തിലെ കൊവിഡ് ഫസ്‌റ്റ്ല‌ൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറായിട്ടുണ്ട്. ഗവ.ഹോമിയോ കോളേജ്, ഐരാണിമുട്ടം., സെന്റ് തോമസ് സ്‌കൂൾ,​ പൂന്തുറ., ഐ.എം.ജി,​ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. അതേസമയം, തദ്ദേശീയമായിത്തന്നെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുകയും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവരെ മണിക്കൂറുകളോളം കാത്തിരിപ്പിക്കാതെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും വേണം.

ആശുപത്രികളുടെ വികസനത്തിന് 1.5 കോടി
കൊവിഡ് കാലത്ത് തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ വികസനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 1.5 കോടി അനുവദിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ ആശുപത്രികൾക്കായി തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയുടെ പ്രതിരോധ, ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്തു. ചാക്ക നഗരാരോഗ്യ കേന്ദ്രം, ഫോർട്ട് താലൂക്ക് ആശുപത്രി, വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി, നഗരാരോഗ്യ കേന്ദ്രങ്ങളായ വെട്ടുകാട്, പാൽക്കുളങ്ങര, ജഗതി, രാജാജി നഗർ എന്നിവിടങ്ങളിലേയ്ക്ക് ഓക്‌സിജൻ കോൺസൺട്രേറ്റർ, നെബുലൈസർ, വീൽ ചെയറുകൾ, ബി.പി അപ്പാരറ്റസുകൾ, മൈക്രോപിപ്പെറ്റ് ടിപ്പ് യെല്ലോ, ആംബുബാഗ്, മാസ്‌കുകൾ തുടങ്ങിയവ വിതരണം ചെയ്‌തു. പൂന്തുറ, കരിമഠം നഗരാരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കും ആവശ്യമായ ഉപകരണങ്ങൾ നൽകി. വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പുതിയ കെട്ടിടത്തിനായി 60 ലക്ഷം, പൂന്തുറ സി.എച്ച്.സിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 30 ലക്ഷം, ഫോർട്ട് ആശുപത്രിക്ക് പോർട്ടബിൾ വെന്റിലേറ്റർ, ഐ.സി.യു കോട്ട്, ലാപ്രോസ്‌കോപ്പിക് മെഷീൻ, പോർട്ടബിൾ എക്‌സ്‌റേ മെഷീൻ എന്നിവ സജ്ജമാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.