
കൊല്ലം: കൊല്ലത്തെ പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ ശാഖയിൽ നിന്നും രണ്ടുവർഷം മുൻപ് ആറര കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിന് സ്വപ്ന കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. 2018 ജൂലായ് മാസത്തിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ നൽകാൻ രഹസ്യ പൊലീസിന് നിർദ്ദേശം ലഭിച്ചു. ജൂവലറിയിലെ സീനിയർ സെയിൽസ് മാനേജർ കണ്ണൂർ ഉളിക്കൽ വയത്തൂർ തൊമ്മിക്കാട്ട് വീട്ടിൽ ജോർജ്ജ് തോമസാണ് (45) രണ്ട് കോടിരൂപ വിലവരുന്ന സ്വർണം അന്ന് അപഹരിച്ചത്. വിവാഹ ആവശ്യങ്ങൾക്കായി വാങ്ങിയ സ്വർണം ആവശ്യത്തിന് ശേഷം പിന്നീട് ഉപയോഗിക്കുവാൻ വാങ്ങിയവർ ജോർജ്ജ് തോമസിനെ ഏൽപ്പിച്ചു.പിന്നീട് പറഞ്ഞേൽപിച്ച ദിവസത്തിന് മുൻപ് സ്വർണം തിരിച്ചെടുക്കാൻ വന്നപ്പോൾ അത് ലോക്കറിൽ ഉണ്ടായിരുന്നില്ല. ഈ സമയം മെല്ലെ പുറത്തിറങ്ങിയ ജോർജ്ജ് തോമസിനെ പിന്നീട് കാണാതാവുകയായിരുന്നു. മൊബൈൽ ഫോണും കാറും ഉപേക്ഷിച്ച് കടന്ന ഇയാളെ ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലത്ത് നിന്നും ഇയാൾക്ക് രക്ഷപ്പെടാൻ പുറമെ നിന്നും ആരോ സൗകര്യമൊരുക്കിയിരുന്നുവെന്ന് വ്യക്തമായിരുന്നെങ്കിലും കൂടുതൽ അന്വേഷണം നടന്നില്ല. പിന്നീട് ജോർജ്ജ് തോമസിനെയും ഇയാളുമായി ബന്ധമുള്ള കൊട്ടിയം തഴുത്തല സ്വദേശിയായ സ്ത്രീയെയും കണ്ടെത്തി അറസ്റ്റ് ചെയ്തതൊഴിച്ചാൽ കേസിൽ കൂടുതൽ അന്വേഷണമൊന്നും നടന്നിട്ടില്ല. സ്വർണ തട്ടിപ്പ് കേസിലെ സംഘങ്ങൾക്ക് ഇതിൽ ബന്ധമുണ്ടെന്ന് സംശയം ഉയർന്നുവരുന്നുണ്ട്. സ്വർണം വിൽക്കാനും വാങ്ങാനുമൊക്കെയായി പലരും ജോർജ്ജ് തോമസുമായി രഹസ്യ കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. സ്വർണ കടത്ത് കേസിൽ ഇതിന് ഏത് തരത്തിലാണ് ബന്ധമെന്നുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കേസിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. ജോർജ്ജ് തോമസിന്റെ ഭാര്യ ഇറ്റലിയിലെ നഴ്സാണ്. ഇറ്റലിയിലെ ബന്ധങ്ങളും ഉപയോഗിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. ആഡംബര ജീവിതമായിരുന്നു ജോർജ്ജ് തോമസിന്റെ കുടുംബത്തിന്റേത്. പ്രമുഖ ജൂവലറിയുടെ കൊല്ലം ശാഖയിലെ സ്വർണാഭരണങ്ങളുടെ കണക്ക് സൂക്ഷിക്കുന്നത് ജോർജ്ജ് തോമസായിരുന്നു. പലപ്പോഴായി സ്വർണം കടത്തിയത് കൈമാറ്റം ചെയ്യാനായി പ്രത്യേക ടീം ഉണ്ടായിരുന്നുവെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ഉന്നത ബന്ധങ്ങളുടെ കെട്ടുറപ്പുള്ളതിനാലാണ് കേസിൽ കൂടുതൽ അന്വേഷണം നടക്കാത്തതത്രേ.