മാഞ്ചസ്റ്റർ : വംശീയാധിക്ഷേപത്തിനെതിരെ കളിക്കാരും അമ്പയർമാരും ഒരുമിച്ച് ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന് പ്രതിഷേധം പ്രകടിപ്പിച്ച ശേഷം തുടങ്ങിയ ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയുമായ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററിൽ തുടക്കമാകുമ്പോൾ ശ്രദ്ധാകേന്ദമാകുന്നത് സോഷ്യൽ മീഡിയയിലൂടെ വംശീയമായി ആക്രമിക്കപ്പെട്ടതിൽ മനസുതളർന്ന് കളിക്കാൻ ഇറങ്ങില്ലെന്ന ഇംഗ്ളീഷ് പേസർ ജൊഫ്ര ആർച്ചറുടെ നിലപാട്.ആർച്ചറെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി ശക്തമായി പിന്തുണയുമായാണ് ഇംഗ്ളണ്ട് നിർണായക മത്സരത്തിനിറങ്ങുന്നത്.
ആദ്യ ടെസ്റ്റിന് ശേഷം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വീട്ടിൽപ്പോയ ആർച്ചറിനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത വംശീയ അധിക്ഷേപമുണ്ടായിരുന്നു. ഇത് തന്നെ മാനസികമായി തകർത്തുകളഞ്ഞെന്നും ഇൗ അവസ്ഥയിൽ മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും കഴിഞ്ഞ ദിവസം ആർച്ചർ പറഞ്ഞിരുന്നു.
സതാംപ്ടണിൽ നടന്ന ഒന്നാം ടെസ്റ്റിന് ശേഷം ആർച്ചർ ടീമിന്റെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതറിഞ്ഞയുടൻ ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് ബാക്കിയുള്ള രണ്ട് ടെസ്റ്റുകളിൽ നിന്നും താരത്തെ വിലക്കി. പിന്നീട് താരവുമായി ചർച്ചനടത്തിയപ്പോൾ തനിക്ക് തെറ്റുപറ്റിയെന്ന് ആർച്ചർ ഏറ്റുപറഞ്ഞ സാഹചര്യത്തിൽ മാപ്പെഴുതി നൽകിയ ശേഷം മൂന്നാം ടെസ്റ്റിൽ കളിക്കാൻ അനുമതി നൽകി.
കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനാഫലങ്ങളും നെഗറ്റീവായതോടെ ടീമിനാെപ്പം ആർച്ചറും ചേർന്നു.
പരമ്പര 1-1ന് സമനിലയിലായതിനാൽ ഇൗ ടെസ്റ്റ് ജയിക്കുന്നവർക്കാണ് വിസ്ഡൻ ട്രോഫി
ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് നാലുവിക്കറ്റിന് ജയിച്ചിരുന്നു
രണ്ടാം ടെസ്റ്റിൽ 113 റൺസിനാണ് ഇംഗ്ളണ്ട് ജയിച്ചത്.
1988ന് ശേഷം ഇംഗ്ളണ്ടിൽ ആദ്യ പരമ്പര നേടാൻ ഇംഗ്ളണ്ട്.
ടി വി ലൈവ് : വൈകിട്ട് 3.30 മുതൽ സോണി സിക്സിൽ .