1963 നവംബർ 22, ഉച്ചയ്‌ക്ക് 12.30... ഡല്ലാസിൽ വച്ച് അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റായ ജോൺ. എഫ് കെന്നഡി വെടിയേറ്റ് മരിച്ചു. ഭാര്യ ജാക്വിലിനൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കവെയാണ് കെന്നഡി കൊല്ലപ്പെട്ടത്. സംഭവത്തിൽ ലീ ഹാർവി ഓസ്‌വാൾഡ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്‌റ്റു ചെയ്‌തിരുന്നു. ഓസ്‌വാൾഡ് പിന്നീട് വെടിയേറ്റ് മരിച്ചു. ജയിലിലേക്ക് മാറ്റുന്നതിനിടെ ജാക്ക് റൂബി എന്നയാൾ ഓസ്‌വാൾഡിനെ വെടിവച്ചു കൊല്ലുകയായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഒന്നാണ് കെന്നഡി വധം. കെന്നഡിയുടെ കൊലപാതകത്തെ പറ്റി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. ഓസ്‌വാൾഡ് അല്ല കെന്നഡിയുടെ യഥാർത്ഥ കൊലയാളിയെന്ന് വിശ്വസിക്കുന്ന നിരവധി അമേരിക്കക്കാരുണ്ട്. കെന്നഡി വധവുമായി ബന്ധപ്പെട്ട് ഇന്നും രഹസ്യമായി തുടരുന്ന നിഗൂഡതയാണ് ബബുഷ്‌ക ലേഡിയുടേത്.
ആരായിരുന്നു ബബുഷ്‌ക ലേഡി ? തുറന്ന വാഹനത്തിലൂടെ സഞ്ചരിക്കുന്ന പ്രസിഡന്റ് ജോൺ എഫ് കെന്നഡിയെ കാണാൻ ഡല്ലാസിൽ നിന്നും ടെക്സസിൽ നിന്നും ഡസൻ കണക്കിന് ആളുകളാണ് ഡീലീ പ്ലാസയിൽ അണി നിരന്നത്. കെന്നഡി കൊല്ലപ്പെടുന്ന സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു അജ്ഞാത സ്ത്രീയായിരുന്നു ബബുഷ്‌ക ലേഡി. കെന്നഡി വധിക്കപ്പെടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും പരിശോധിക്കവെയാണ് ഈ അജ്ഞാതസ്ത്രീ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കെന്നഡി വധത്തിന് സാക്ഷിയായ പലരെയും തിരിച്ചറിഞ്ഞെങ്കിലും ബബുഷ്ക ലേഡിയെ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞില്ല.
റഷ്യൻ സ്ത്രീകൾ ധരിക്കുന്ന പോലൊരു സ്‌കാർഫ് തലയിൽക്കെട്ടിയ മദ്ധ്യവയസ്‌കയായ സ്ത്രീയായിരുന്നു അവർ. അങ്ങനെയാണ് ആ അജ്ഞാത സ്ത്രീയ്‌ക്ക് ബബുഷ്‌ക ലേഡി എന്ന പേര് ലഭിച്ചത്. റഷ്യൻ ഭാഷയിൽ ' ബബുഷ്‌ക ' എന്ന വാക്കിനർത്ഥം പ്രായമായ സ്ത്രീ എന്നാണ്. കെന്നഡിയെ കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ഫോട്ടോകളിലെല്ലാം ബബുഷ്ക ലേഡിയുടെ ചിത്രവും പതിഞ്ഞിട്ടുണ്ട്. കൈയ്യിൽ ഒരു കാമറയുമായി നിന്ന ബബുഷ്ക ലേഡി തന്റെ കാമറ മുഖത്തോട് ചേർത്ത് വച്ച് ചിത്രങ്ങൾ പകർത്തുന്നത് ഫോട്ടോകളിൽ കാണാമായിരുന്നു. കെന്നഡിയ്ക്ക് വെടിയേൽക്കുമ്പോഴും അവർ ചിത്രങ്ങൾ പകർത്തുകയായിരുന്നു. അതേ സമയം മറ്റുള്ളവരാകട്ടെ നാല് പാടും ചിതറിയോടുന്നുണ്ടായിരുന്നു. ചിത്രങ്ങൾ പകർത്തിയ ശേഷം ബബുഷ്ക ലേഡി എങ്ങോട്ടോ നടന്നകന്നു.
എഫ്.ബി.ഐ അടക്കമുള്ള ഏജൻസികൾ ആ സ്ത്രീ ആരായാലും അവർ എടുത്ത ഫോട്ടോകൾ അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറണമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. 1970ൽ കെന്നഡി വധത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷം ബബുഷ്ക ലേഡി താനാണെന്ന് അവകാശപ്പെട്ട് കൊണ്ട് ബെവർലി ഒലിവർ എന്നൊരു സ്ത്രീ രംഗത്ത് വന്നിരുന്നു. എന്നാൽ ബബുഷ്‌ക ലേഡിയ്‌ക്ക് ഒരു മദ്ധ്യവയസ്‌കയുടെ രൂപമായിരുന്നു. കെന്നഡി മരിക്കുമ്പോൾ ഒലിവറിന്റെ പ്രായം 17 ആയിരുന്നു. മാത്രവുമല്ല ഒലിവറിന്റെ മൊഴികളിൽ വൈരുദ്ധ്യവുമുണ്ടായിരുന്നു. അതിനാൽ ഒലിവർ തങ്ങളെ കബളിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബബുഷ്ക ലേഡിയെ ചുറ്റുപ്പറ്റി നിരവധി കഥകളാണ് പ്രചരിക്കുന്നത്. ഒന്നുകിൽ അവർ ഒരു റഷ്യൻ ചാരയാകാമെന്നോ സ്പെഷ്യൽ ഏജന്റ് ആണെന്നോ അതുമല്ലെങ്കിൽ സ്ത്രീ വേഷം ധരിച്ച ഒരു പുരുഷൻ ആയിരുന്നുവെന്നും പറയുന്നവരുണ്ട്. കെന്നഡി വധം നേരിട്ട് നേരിട്ട് കണ്ട ബബുഷ്ക ലേഡി കെന്നഡി വധവുമായി ബന്ധപ്പെട്ട നിർണായക രഹസ്യങ്ങൾ അറിയാവുന്ന വ്യക്തിയാണെന്ന് നിരവധി പേർ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ഇന്നും ബബുഷ്ക ലേഡി ആരാണെന്നോ അവർ എടുത്ത കെന്നഡിയുടെ കൊലപാതക ചിത്രങ്ങൾ എവിടെയാണെന്നോ ആർക്കുമറിയില്ല.