cm-salute

തൃശൂർ: രാജ്യത്ത് ആദ്യമായി ഓൺലൈനിൽ സബ് ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ്. രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന ഇ-പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളുമാണെന്നും അവ സേവന കേന്ദ്രങ്ങൾ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് അക്കാഡമിയുടെ ഫേസ്ബുക്ക് പേജിലൂടെ പരേഡ് പൊതുജനങ്ങൾക്ക് തൽസമയം കാണാൻ സൗകര്യം ഒരുക്കിയിരുന്നു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സുഹൈൽ, സി.എസ്.അഭിറാം എന്നിവർ ബെസ്റ്റ് ഇൻഡോർ ഗെയിംസ് വിജയികളായി. ബെസ്റ്റ് ഷൂട്ടർ: എം. മനേഷ് , സി.എസ്. സൂരജ്. ബെസ്റ്റ് ഔട്ട് ഡോർ പ്രകടനം: എം. മനേഷ്, എം. സരിത. ബെസ്റ്റ് ഓൾ റൗണ്ടർ: കെ. സുഹൈൽ, എം. സരിത.
നേരിട്ട് നിയമനം ലഭിച്ച സബ് ഇൻസ്‌പെക്ടർമാരിൽ വനിതകൾ ഉൾപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും ബാച്ചുകളാണ് പുറത്തിറങ്ങിയത്. ആദ്യ ബാച്ചിൽ 60പേരും രണ്ടാം ബാച്ചിൽ 44 പേരുമുണ്ട്. 14 പേർ വനിതകളാണ്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി ട്രെയിനിംഗ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.