മോസ്‌കോ: സൈബീരിയയെ ആശങ്കയിലാഴ്ത്തി കാട്ടുതീ പടരുന്നു. ഈ വർഷം ഇതുവരെയുണ്ടായ കാട്ടുതീ വ്യാപനങ്ങൾ മൂലം ഗ്രീസിനേക്കാൾ വലിയൊരു ഭൂപ്രദേശം കത്തിച്ചാമ്പലായി. കാട്ടുതീ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അത് നഗരങ്ങളിലേക്ക് പടരുമെന്നും കാലാവസ്ഥാ പ്രതിസന്ധികൾക്ക് ഇടയാക്കുമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് റഷ്യ പറയുന്നു. ഷ്യയുടെ കിഴക്കൻ പ്രദേശങ്ങളിലും സൈബീരിയയിലുമായി അടിക്കടിയുണ്ടായ കാട്ടുതീയിലൂടെ 1.9 കോടി ഹെക്ടർ പ്രദേശം കത്തിനശിച്ചു.
കാട്ടുതീയുടെ പുകപടലങ്ങൾ സൈബീരിയൻ നഗരങ്ങളിൽ വരെയെത്തിയ സംഭവമുണ്ട്. ഭൂമിയിലെ മറ്റ് പ്രദേശങ്ങളെക്കാൾ വേഗം ചൂടായിക്കൊണ്ടിരിക്കുന്ന സൈബീരിയ ഒരു ക്ലൈമറ്റ് ഹോട്ട്‌സ്‌പോട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഗ്രീൻപീസ് മുന്നറിയിപ്പ് നൽകുന്നു. നദീതീരങ്ങളോട് ചേർന്നുണ്ടാകുന്ന മനുഷ്യനിർമ്മിത തീപിടുത്തങ്ങൾ തടയുന്നതിൽ റഷ്യൻ ഭരണകൂടം ഇത്തവണയും പരാജയപ്പെട്ടുവെന്ന് ഗ്രീൻപീസ് ആരോപിക്കുന്നു.
ആരോപണം തള്ളി റഷ്യ
ഗ്രീൻപീസിന്റെ ആരോപണം റഷ്യൻ സർക്കാർ തള്ളിക്കളഞ്ഞു. 1.2 കോടി ഹെക്ടർ പ്രദേശത്ത് മാത്രമേ കാട്ടുതീ ഈ വർഷം ഇതുവരെ നാശം വിതച്ചിട്ടുള്ളുവെന്നും കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം കാട്ടുതീയുമായി ബന്ധപ്പെട്ട് 9,000 സംഭവങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അസാധാരണ ചൂടും മഞ്ഞുവീഴ്ചയുടെ കുറവും വരണ്ട വസന്തകാലവും മൂലം ഈ വർഷം ആദ്യമേ തന്നെ കാട്ടുതീ പടരാൻ തുടങ്ങിയെന്നും സർക്കാർ പറയുന്നു.