ഗ്രെനോബിൾ: തീ ആളിക്കത്തുന്ന കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയ രണ്ടുകുട്ടികളെ അതിസാഹസികമായി രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ വൈറൽ. മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളിൽനിന്ന് 40 അടി താഴേക്ക്, രക്ഷാപ്രവർത്തകരുടെ കൈകളിലേക്കാണ് സഹോദരങ്ങളായ കുട്ടികൾ ചാടിയത്. ഫ്രാൻസിലെ ഗ്രെനോബിൾ നഗരത്തിലാണ് സംഭവം.
മൂന്നും പത്തും വയസ് പ്രായമുള്ള കുട്ടികളെ ഫ്‌ളാറ്റിലാക്കി രക്ഷിതാക്കൾ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തീപ്പിടുത്തമുണ്ടായതോടെ കുട്ടികൾ ഫ്‌ളാറ്റിനകത്ത് പെട്ടു. കുട്ടികളുടെ കരച്ചിൽ കേട്ടാണ് രക്ഷാപ്രവർത്തകർ ഓടിയെത്തിയത്. തുടർന്ന് ജനൽ വഴി കുട്ടികൾ താഴേക്ക് ചാടുകയായിരുന്നു. കുട്ടികളെ പിടിക്കുന്നതിനിടയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ 25കാരന്റെ കൈയ്ക്ക് പരിക്കേറ്റു. കുട്ടികൾക്ക് പരിക്കുകളൊന്നുമില്ല. ' 'കെട്ടിടത്തിലെ മൂന്നാം നിലയിലുളള ജനലരികിൽനിന്ന് കുട്ടികൾ കരയുന്നത് ഞാൻ കണ്ടു. കനത്ത പുക ഉയരുന്നുണ്ടായിരുന്നു. തീപടരുന്നതും എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതും കേട്ടു. കുട്ടികൾ വല്ലാതെ ഭയന്നിരുന്നു. അവർ നിലവിളിക്കുകയായിരുന്നു.' രക്ഷാപ്രവർത്തനത്തിനെത്തിയ എഥോമാനി വാലിദ് പറയുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കനത്ത പുക ഉയരുന്ന കെട്ടിടത്തിന് താഴെ ആളുകൾ കൂടി നിൽക്കുന്നതും കുട്ടികൾ ഒന്നിനുപിറകേ ഒന്നായി താഴേക്ക് ചാടുന്നതും തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരൻ പകർത്തിയ വീഡിയോയിൽ കാണാം.