മുംബയ് : ഇൗ വർഷം അവസാനം നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആസ്ട്രേലിയൻ പര്യടനത്തിലെ കൊവിഡ് ക്വാറന്റൈനിനെച്ചൊല്ലി ആശയക്കുഴപ്പം. ആസ്ട്രേലിയയിലെത്തുന്ന ഇന്ത്യൻ താരങ്ങൾ നിർബന്ധിതമായി രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ നിക്ക് ഹോക്ക്ലെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് ബി.സി.സി.ഐക്ക് സമ്മതമല്ലാത്തതാണ് കുഴപ്പമുണ്ടാക്കിയത്. ഇന്ത്യയിൽ ക്വാറന്റൈൻ കഴിഞ്ഞ് ചാർട്ടേഡ് ഫ്ളൈറ്റിൽ വരുന്ന താരങ്ങൾക്ക് പിന്നെയൊരു ക്വാറന്റൈൻ ബുദ്ധിമുട്ടാണെന്നാണ് ബി.സി.സി.ഐ നിലപാട്.ഇങ്ങനെയാണെങ്കിൽ ഇന്ത്യൻ ടീമിന്റെ ആസ്ട്രേലിയയിലേക്കുള്ള പോക്ക് നേരത്തേ ആക്കേണ്ടിവരും. അത് ഐ.പി.എൽ ഷെഡ്യൂളിനെ ബാധിക്കും. അതുകൊണ്ട് ക്വാറന്റൈൻ നിർബന്ധമാണെങ്കിൽ പര്യടനത്തിലെ ട്വന്റി-20 പരമ്പര റദ്ദാക്കേണ്ടിവരുമെന്ന് ബി.സി.സി.ഐ ക്രിക്കറ്റ് ആസ്ട്രേലിയയയെ അറിയിച്ചുകഴിഞ്ഞു.