anvar

മലപ്പുറം: നിലമ്പൂർ എം. എൽ. എ പി. വി അൻവറിനെതിരെ വീട്ടമ്മയുടെ പരാതി. എടക്കരയിൽ റോഡ് നിർമ്മാണത്തിന്റെ പേരിൽ എം എൽ എ ഭീഷണിപ്പെടുത്തി കിടപ്പാടം കയ്യേറാൻ ശ്രമിക്കുന്നു എന്നാണ് എടക്കര സ്വദേശിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഗീതാകുമാരി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സർക്കാർ ഉത്തരവുകളോ കൂടിയാലോചനോ ഇല്ലാതെ റിയൽ എസ്റ്റേറ്റ് താത്പര്യത്തിനുവേണ്ടിയാണ് എം എൽ എ ബൈപ്പാസ് റോഡ് നിർമിക്കാൻ ശ്രമിക്കുന്നതെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു.

പത്തുസെന്റ് സ്ഥലത്താണ് ഗീതാകുമാരിയുടെ വീട്. റോഡ് നിർമ്മാണത്തിന് ഇതിൽ നിന്ന് ഒരുഭാഗം വിട്ടുകൊടുക്കണമെന്നായിരുന്നു എം എൽ എയുടെ ആവശ്യം. ഭീഷണിയുടെ സ്വരത്തിലായിരുന്നു ആവശ്യമുന്നയിച്ചത്. സർക്കാർ തലത്തിലോ ത്രിതല പഞ്ചായത്ത് തലത്തിലോ റോഡിന് ഇതുവരെ അംഗീകാരം പോലുമായിട്ടില്ലെന്നും അതിന് മുമ്പ് ജെ.സി ബി ഉൾപ്പടെ എത്തിച്ച് എം എൽ എ സ്ഥലം കയ്യേറാൻ ശ്രമിക്കുന്നതിന് പിന്നിൽ ബിനാമി ഭൂമി ഇടപടുകളാണെന്നുമാണ് ഗീതാകുമാരി പറയുന്നത്. ഭൂമികയ്യേറാൻ ശ്രമിക്കുന്നത് തടയണമെന്നാവശ്യപെട്ട് ഗീതാകുമാരി കോടതിയേയും സമീപിച്ചിട്ടുണ്ട്.

എന്നാൽ ആരോപണങ്ങൾ എം.എൽ എ നിഷേധിച്ചു. എടക്കരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.