dey

ബെർലിൻ: രണ്ടാംലോക മഹായുദ്ധ കാലത്ത് നാസി തടങ്കൽപ്പാളയത്തിൽ 5,232 തടവുകാരെ, പ്രധാനമായും ജൂതന്മാരെ കൊലപ്പെടുത്താൻ സഹായിച്ചതിന് 93കാരന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ച് ഹാംബർഗ് കോടതി. പോളണ്ടിനടുത്തുള്ള സ്റ്റത്തോഫ് തടങ്കൽപ്പാളയത്തിലെ ആർ.എസ്.എസ് ഗാർ‌ഡായിരുന്ന ബ്രൂണോ ഡിയ്ക്കാണ് ശിക്ഷ ലഭിച്ചത്.

1944 ആഗസ്റ്റ്- 1945 ഏപ്രിൽ കാലയളവിൽ നടന്ന കൊലപാതകങ്ങളിൽ പങ്കുണ്ടെന്നാണ് കേസ്. അക്കാലത്ത് താൻ ക്യാമ്പിൽ ഉണ്ടായിരുന്നുവെന്ന് ബ്രൂണോ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൊലപാതകങ്ങളിൽ തനിയ്ക്ക് പങ്കില്ലെന്നാണ് ബ്രൂണോ പറയുന്നത്. എന്നാൽ, ബ്രൂണോയ്ക്ക് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.
ബ്രൂണോയുടെ ആരോഗ്യം മോശമായതിനാൽ, കോടതി സെഷനുകൾ പ്രതിദിനം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അവസാന സെഷൻ നടന്നത്. ക്യാമ്പിലെ തടവുകാർ അനുഭവിച്ച വേദനകൾക്കും പീഡനങ്ങൾക്കും ബ്രൂണോ ക്ഷമ ചോദിച്ചു.

 കൊടും ക്രൂരതയുടെ നാളുകൾ

ഏകദേശം 65,000 ആളുകളായിരുന്നു സ്റ്റത്തോഫ് തടങ്കൽപ്പാളയത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ പലരുടേയും തലയുടെ പിന്നിൽ നിന്ന് വെടിവയ്ക്കുകയോ മാരകമായ സൈക്ലോൺ ബി വാതകം പ്രയോഗിച്ച് കൊലപ്പെടുത്തുകയോ ചെയ്തു. നാസി ക്രൂരത മൂലം ജീവൻ നഷ്ടമായവർക്ക് നീതി നൽകുക എന്ന ലക്ഷ്യമാണ് ഹാംബർഗ് കോടതിയ്ക്കുള്ളത്. പ്രതികളിൽ പലരും വൃദ്ധരാണെന്നതൊന്നും കോടതി കാര്യമാക്കുന്നില്ല.