ബീജിംഗ്: തെക്കുചൈന കടലിൽ ആസ്ട്രേലിയൻ യുദ്ധക്കപ്പലുകളുമായി ചൈനയുടെ നാവികസേന നേർക്കുനേർ എത്തിയതായി റിപ്പോർട്ട്. ഫിലിപ്പീൻ കടലിൽവച്ച് അമേരിക്കയും ജപ്പാനും സംയുക്തമായി സംഘടിപ്പിക്കുന്ന നാവികസേനാഭ്യാസങ്ങളിൽ പങ്കെടുക്കാനായുള്ള ആസ്ട്രേലിയൻ യുദ്ധക്കപ്പലുകളുടെ യാത്രാമദ്ധ്യേയാണ് സംഭവം. അഞ്ച് യുദ്ധക്കപ്പലുകളാണ് ആസ്ട്രേലിയൻ സംഘത്തിൽ ഉണ്ടായിരുന്നത്.
തെക്കു ചൈന കടലിൽ തർക്കമുള്ള ദ്വീപുകളുടെ 12 നോട്ടിക്കൽ മൈൽ അകലത്തിൽ ആസ്ട്രേലിയൻ കപ്പലുകൾ വന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചൈന അവകാശമുന്നയിക്കുന്ന സ്പ്രാറ്റ്‌ലി ദ്വീപിന് സമീപം ചൈനീസ് നാവികസേനയെ കണ്ടെത്തിയതോടെ, ആസ്ട്രേലിയൻ കപ്പലുകൾ പ്രദേശത്ത് അതിക്രമിച്ചുകയറി എന്ന് ചൈന ആരോപണമുന്നയിക്കുകയായിരുന്നത്രേ. അതേസമയം, വിന്യാസത്തിലുടനീളം വിദേശയുദ്ധക്കപ്പലുകളുമായുള്ള എല്ലാ ഇടപാടുകളും സുരക്ഷിതമായാണ് നടത്തിയതെന്ന് ആസ്ട്രേലിയൻ സർക്കാർ അറിയിച്ചു.