rameshwar-sharma

ഭോപ്പാൽ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതോടെ കൊവിഡിന്റെ നാശത്തിന് തുടക്കമാകുമെന്ന് മദ്ധ്യപ്രദേശ് പ്രോട്ടേം സ്‌പീക്കർ രാമേശ്വര ശർമ്മ. മനുഷ്യരാശിയുടെ ക്ഷേമത്തിനും ദുഷ്‌ടന്മാരെ നിഗ്രഹിക്കുന്നതിനുമായാണ് രാമൻ പണ്ടുകാലത്ത് പുനർജന്മം എടുത്തത്. അത് രാമക്ഷേത്രത്തിലൂടെ വീണ്ടും ആവർത്തിക്കുമെന്നാണ് ശർമ്മ പറയുന്നത്. സുപ്രീംകോടതിയാണ് രാമക്ഷേത്രം പണിയാൻ ഉത്തരവിട്ടത്. തങ്ങൾ സാമൂഹിക അകലം പാലിക്കുന്നവർ മാത്രമല്ല അതിനൊപ്പം വിശുദ്ധരായവരെ ഓർക്കുന്നവർ കൂടിയാണെന്നാണ് ബി.ജെ.പിയുടെ മുതിർന്ന നേതാവ് പറഞ്ഞത്.

ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ഭൂമിപൂജ നടക്കുമെന്ന് കഴിഞ്ഞ ദിവസം രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചടങ്ങെന്നും ചടങ്ങിൽ ഇരുന്നൂറിൽ താഴെ ആളുകൾ പങ്കെടുക്കുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു. ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിനായി അയോദ്ധ്യയുടെ വിവിധ ഭാഗങ്ങളിൽ ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കുന്നുണ്ട്.